ഡെറാഡൂൺ: വിവാഹ സൽക്കാരത്തിൽ തങ്ങളുടെ മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ദളിത് യുവാവിനെ ഉയർന്ന ജാതിക്കാർ തല്ലിക്കൊന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്​​രി ജി​ല്ല​യി​ലാ​ണ്​ ദാരുണമായ സം​ഭ​വം നടന്നത്. ശ്രീ​കോ​ട്ട്​ ഗ്രാ​മ​ത്തി​ലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ജീ​തേ​ന്ദ്ര​(23)നെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

ഏ​പ്രി​ൽ 26നാണ്​ ​ജീ​തേ​ന്ദ്ര ആക്രമിക്കപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ  ഇയാൾ ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചത്. തങ്ങളുടെ മുന്നിലിരുന്ന് താഴ്ന്ന ജാതിക്കാരൻ ഭക്ഷണം കഴിച്ചതാണ് ഉയർന്ന ജാതിക്കാരെ പ്രകോപിപ്പിച്ചതെന്ന് ഡിഎസ്പി ഉത്തംസിം​ഗ് ജിംവാൾ 
മാധ്യമങ്ങളോട് പറഞ്ഞു. 

ജീതേന്ദ്രയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  ഗജേന്ദ്രസിംഗ്, ശോഭന്‍ സിംഗ്, കുശാല്‍ സിംഗ്, ഗബ്ബാര്‍ സിംഗ്, ഗംഭീര്‍ സിംഗ്, ഹര്‍ബീര്‍ സിംഗ്, ഹുക്കും സിംഗ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിയമപ്രകാരമാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ജീതേന്ദ്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ക‌ൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഡിഎസ്പി അറിയിച്ചു.