വാഷിംഗ്ടണ്‍: സാമുവല്‍ ലിറ്റില്‍, ഈ പേര് അമേരിക്കക്കാര്‍ പേടിയോടെയല്ലാതെ ഉച്ചരിക്കില്ല. അത്രയുമുണ്ട് ഇയാളുടെ ക്രൂരതകള്‍. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറാണ് സാമുവല്‍ ലിറ്റിലെന്ന 79 കാരന്‍. 97 പേരെ താന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് സാമുവല്‍ കുറ്റസമ്മതം നടത്തിയത്. ചുരുങ്ങിയത് 50പേരെങ്കിലും ഇയാളുടെ ക്രൂരതക്കിരയായിട്ടുണ്ടെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും പറയുന്നു. ഞായറാഴ്ചയാണ് എഫ്ബിഐ ഇയാളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. 

1970നും 2005നും ഇടയിലാണ് സാമുവല്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. 50 കൊലക്കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇയാളുടെ കുറ്റസമ്മതങ്ങള്‍ വിശ്വസനീയമാണെന്നും എഫ്ബിഐ പറയുന്നു. ഇയാളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും കൊലപാതക രീതികളെക്കുറിച്ചും എല്ലാം പ്രത്യേക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ വിവരങ്ങളും ബന്ധുക്കളെയും തേടിയാണ് എഫ്ബിഐ വെബ്സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കൊല്ലപ്പെട്ട ചിലരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും സാമുവല്‍ വരച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ എല്ലാ വിവരങ്ങളും സാമുവലിന് മനപാഠമാണ്. കൊലപാതകം നടത്തിയ തീയതി, സ്ഥലം, അവര്‍ ധരിച്ച വസ്ത്രം എന്നിവയെല്ലാം സാമുവല്‍ ഓര്‍ത്തെടുക്കുന്നുണ്ടെന്ന് എഫ്ബിഐ പറയുന്നു. 

താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു സാമുവലിന്‍റെ ധാരണ. കാരണം കൊല്ലപ്പെട്ടവര്‍ക്കാര്‍ക്കും ബന്ധുക്കളുണ്ടായിരുന്നില്ലെന്നും ആരും പരാതിയുമായി എത്തില്ലെന്നും സാമുവല്‍ ധരിച്ചു. ബോക്സിംഗ് മുന്‍ താരമായിരുന്ന ഇയാളുടെ പേര് സാമുവല്‍ മക്ഡൊവല്‍ എന്നാണ്. മയക്കുമരുന്ന് കേസില്‍  2012ലാണ് ഇയാള്‍ ആദ്യം പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലാപതക പരമ്പരകളുടെ ചുരുളഴിഞ്ഞു.

1987-1989 കാലയളവില്‍ ലോസ് ആഞ്ചല്‍സില്‍ മൂന്ന് സ്ത്രീകളുടെ കൊലപാതക കേസില്‍ 2014ല്‍ കോടതി ശിക്ഷിച്ചു. മര്‍ദ്ദിച്ച് അവശയാക്കി, കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് ഇയാളുടെ രീതി. ഡിഎന്‍എ പരിശോധനയിലൂടെയും ശാസ്ത്രീയ അന്വേഷണത്തിലൂടെയും മറ്റ് കേസുകളിലും തുമ്പുണ്ടാക്കാന്‍ സാധിക്കുമെന്നാണ് എഫ്ബിഐ കരുതുന്നത്. 

സാമുവല്‍ ലിറ്റിലിനെക്കുറിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ പുറത്തുവിട്ട വിവരങ്ങള്‍