Asianet News Malayalam

ഒരുമാസത്തിനിടെ രണ്ടാം തവണ പാമ്പുകടിയേറ്റ് ഉത്രയുടെ മരണം; വാവാ സുരേഷിന് പറയാനുള്ളത്

അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത അതിസാധാരണമായാണ് ആദ്യം പുറത്തുവന്നത്. പിന്നീട് കിടപ്പുമുറിയില്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവിച്ചതെന്ന വിവരം പുറത്തുവന്നു

Uthra dies of second snake bite within a month Vava Suresh responds
Author
Kerala, First Published May 23, 2020, 3:43 PM IST
  • Facebook
  • Twitter
  • Whatsapp

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത അതിസാധാരണമായാണ് ആദ്യം പുറത്തുവന്നത്. പിന്നീട് കിടപ്പുമുറിയില്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവിച്ചതെന്ന വിവരം പുറത്തുവന്നു. ഈ വിവരങ്ങളിലൊന്നും അസാധാരണമായോ ദുരൂഹമായോ ഒന്നും തോന്നിയിരുന്നില്ല. 

എന്നാല്‍ 16 ദിവസം മുമ്പും യുവതിക്ക് പാമ്പ് കടിയേറ്റതായും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് വീണ്ടും പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങിയതെന്നും വാര്‍ത്ത പുറത്തുവന്നതോടെ ദുരൂഹമായ ചില സംശയങ്ങള്‍ തലപൊക്കി. ഈ സംശയങ്ങള്‍ കുടുംബാംഗങ്ങള്‍ പരാതിയായി പൊലീസിന് നല്‍കുകകയും ചെയ്തതോടെ സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു. 

രണ്ടാം തവണയും സര്‍പ്പദംശനം

അഞ്ചല്‍ സ്വദേശിനിയായ ഉത്രയാണ് രണ്ട് തവണ പാമ്പ് കടിയേറ്റ്, രണ്ടാം തവണ മരിച്ചത്. മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.

മരണവും ദുരൂഹതയും

ചികിത്സക്ക് ശേഷം സ്വന്തം വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. യുവതിയുടെമരണം സ്ഥിരീകരിച്ച സമയത്ത് ഭര്‍ത്താവ് സൂരജില്‍ നിന്നുണ്ടായ  അസ്വഭാവിക പെരുമാറ്റവും സംശയങ്ങള്‍ക്ക് വഴിയൊരുക്കി. ഉത്ര മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്‍റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. 

പാമ്പ് കൂടുതല്‍ സമയം ഇഴഞ്ഞുപോയാല്‍ അതിന്‍റെ ലക്ഷണങ്ങള്‍ കാണും. കിടക്കുന്നതിന് മുമ്പ് ബെഡില്‍ പാമ്പ് കയറിയിരുന്നാലും കിടക്കുന്നതിന് മുമ്പ് ശ്രദ്ധയില്‍ പെടേണ്ടതാണ്. ആള്‍താമസമുള്ള വീട്. ചുറ്റുപാടും കാടുമൂടിക്കിടക്കുന്നുമില്ല. നല്ല രീതിയില്‍ നിര്‍മിക്കപ്പെട്ട തറയിള്ള വീട്, ഇത്തരമൊരു ചുറ്റുപാടിലുള്ള വീട്ടിലെ ബെഡ്റൂമില്‍ പാമ്പ് എങ്ങനെയെത്തിയെന്നത് തന്നെയാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പുമുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കെട്ടിക്കൊണ്ടുപോയന്ന് ഉത്ര പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വലിയ മറ്റൊരു സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കൂടുതല്‍ ആരോപണങ്ങള്‍

സൂരജിനെതിരെ ഉത്രയുടെ ബന്ധുക്കള്‍ മറ്റുചില ആരോപണങ്ങള്‍ കൂടി ഉന്നയിക്കുന്നുണ്ട്. 2018 ല്‍ ഉത്രയെ സൂരജ് വിവാഹം കഴിച്ചപ്പോള്‍ നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രിധനവും നല്‍കിയിരുന്നു. ഇതിന് ശേഷം പണം ആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.   ശാസ്ത്രിയ അന്വേഷണം നടത്തുമെന്നാണ്  ക്രൈബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം മരിച്ച ഉത്രയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു. കേസന്വേഷണം തുടരുകയാണ്. 

ദുരൂഹതകള്‍ തുടരുന്നിതനിടയില്‍ പുറത്തുവരുന്ന വിവരങ്ങളും യുവതിക്ക് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യതയും മറ്റ് സാഹചര്യങ്ങളും വിശദീകരിച്ചുകൊണ്ട് വാവാ സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്കോമിനോട് സംസാരിക്കുകയാണ്.

എസിയുള്ള അടച്ചുറപ്പുള്ള മുറിയില്‍ പാമ്പ് കയറുമോ?

സാധാരണഗതിയില്‍ പാമ്പ് കയറാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ള മുറികളില്‍ സാധ്യതയുണ്ട്. ഉറങ്ങിക്കിടക്കുന്ന ആളെ പാമ്പ് കടിച്ചാല്‍ പെട്ടെന്ന് അറിയും. നല്ല വേദനയുണ്ടാകും. ബെഡിലും റൂമിലുമൊക്കെ പാമ്പുകള്‍ എത്താന്‍ വളരെ സാധ്യത കുറവാണ്. പ്രാധാനമായും പാമ്പുകള്‍ എത്തുന്നത് വൃത്തികേടായി കിടക്കുന്ന ഇടങ്ങളിലോ എലിയുടെ സഞ്ചാരപാതയിലൂടെ ഭക്ഷണം തേടിയോ ഒക്കെയാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലും പാമ്പുകള‍്‍ എത്തിയേക്കാം. എസിവഴിയും പാമ്പ് വരാന്‍ സാധ്യത കുറവാണ്.

വിദഗ്ധനല്ലാത്ത ഒരാള്‍ക്ക് പാമ്പിനെ പിടികൂടാന്‍ സാധിക്കില്ല

ഒരു പാമ്പിനെ കൈകൊണ്ട് എടുക്കാന്‍ വൈദഗ്ധ്യമില്ലാത്ത ഒരാള്‍ക്ക് സാധിക്കില്ല. ഒന്നുകില്‍ പ്രാദേശികമായ പാമ്പുകളെ പിടിക്കുന്നവരുമായുള്ള സൗഹൃദത്തിലൂടെയുള്ള പരിചയമോ, സ്വയം ഇടപെട്ടുള്ള പരിചയമോ ഇല്ലാതെ ഒരു പാമ്പിനെ പിടികൂടാനാകില്ല. നീര്‍ക്കോലിയോ ചേരയോ പോലെയല്ല വിഷപ്പാമ്പുകള്‍. അതിന്‍റെ സ്വഭാവം അറിഞ്ഞുവേണം പിടികൂടാന്‍.

ചിലരെ നിരന്തരം പാമ്പുകടിക്കുന്ന അനുഭവമുണ്ട്

കഴിഞ്ഞ ദിവസം കോട്ടയത്തുനിന്ന് വിളിച്ച ഒരു പെണ്‍കുട്ടിയെ ഒമ്പത് തവണയില്‍ കൂടുതല്‍ പാമ്പ് കടിച്ചിട്ടുണ്ട്. എല്ലാം വിഷപ്പാമ്പുകളാണ്. പാമ്പിന് ഭക്ഷണമെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ചില ഹോര്‍മോണുകള്‍ ഇവരുടെ ശരീരത്തില്‍ കൂടുതലായതാകാം കാരണം. അവിടെ വീടിന്‍റെ പരിസരത്തെല്ലാം കാട് കയറി കിടക്കുന്ന സ്ഥലവുമാണ്. ഒറ്റപ്പെട്ട് കിടക്കുന്ന ഒരു റൂമില്‍ പാമ്പ് കയറാം, അതുപോലെ വീടും പരിസരവും കാട് കയറി കിടക്കുകയാണെങ്കില്‍ അങ്ങനെയും വരാം. താമസമുള്ള, ആളനക്കമുള്ള വീട്ടില്‍ പാമ്പ് എത്തിയാല‍ും ശ്രദ്ധയില്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. തല്ലിക്കൊല്ലുന്നതിന് മുമ്പ് ഞങ്ങളെ പോലുള്ളവരെ വിളിച്ചാല്‍ പാമ്പിനെ മനുഷ്യന്‍ കൈകൊണ്ട് തൊട്ടിട്ടുണ്ടോ?, അല്ലെങ്കില്‍ അത് വളര്‍ത്തുന്ന പാമ്പാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയും ചെയ്യും- വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios