ഫയിസാബാദ്: ഭാര്യയെ കൊലപ്പെടുത്തി വെട്ടിയെടുത്ത ഭാര്യയുടെ തലയുമായി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടന്ന ഭര്‍ത്താവിനെ ഒന്നരകിലോമീറ്റര്‍ അപ്പുറം അറസ്റ്റ് ചെയ്ത് പൊലീസ്. ശനിയാഴ്ച ഉച്ചയോടെയാണ് ഉത്തര്‍പ്രദേശിലെ ഫയിസാബാദിലെ ബാരബങ്കിയില്‍ ആരെയും നടുക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശികമായി താമസിക്കുന്നവരെയും വഴിയിലൂടെ സഞ്ചരിച്ചവരെയും ഞെട്ടിച്ച് വെട്ടിയെടുത്ത തലയുടെ മുടിയില്‍ പിടിച്ചാണ് അഖിലേഷ് റാവത്ത് എന്നയാള്‍ പരസ്യമായി നടന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാരബങ്കി ജില്ലയിലെ ബഹദൂര്‍പൂര്‍ എന്ന ഗ്രാമത്തിലാണ് അഖിലേഷ് റാവത്തും ഭാര്യ രഞ്ജനയും  താമസിച്ചിരുന്നത്. ര‍ഞ്ജനയ്ക്ക് 24 വയസായിരുന്നു. ശനിയാഴ്ച ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ രോഷാകുലനായ അഖിലേഷ് മൂര്‍ച്ചയേറിയ കഠാര ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തലവെട്ടിയെടുത്ത് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. സ്റ്റേഷനിലേക്ക്  തലയുമായി നടന്ന ഇയാളെക്കണ്ട് പൊലീസുകാര്‍ ഭയന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രഞ്ജനയുടെ പിതാവ് ഗോവിന്ദ് സ്ത്രീധനത്തിന് വേണ്ടി മകളെ കൊന്നതാണ് എന്ന് പൊലീസില്‍ പരാതി നല്‍കിയതായി ബാരബങ്കി എസിപി ആര്‍എസ് ഗൗതം പറയുന്നു. രണ്ട് മാസം മുന്‍പ് രഞ്ജന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ പ്രസവത്തിന് ശേഷം കുഞ്ഞ് മരിച്ചു. തുടര്‍ന്ന് സ്വന്തം വീട്ടിലാണ് രണ്ട് മാസത്തോളം രഞ്ജന ചിലവഴിച്ചത്. നാല് ദിവസം മുന്‍പാണ് രഞ്ജന തിരിച്ച് അഖിലേഷിന്‍റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പിന്നീട് ഭര്‍ത്താവിന്‍റെ വീട്ടുകാരും ഭര്‍ത്താവും അവളെ ഉപദ്രവിക്കുകയായിരുന്നുവെന്നും, സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതായും ഗോവിന്ദിന്‍റെ പരാതിയില്‍ പറയുന്നു.

നിലവില്‍ കേസില്‍ അഖിലേഷിന് പുറമേ ഇയാളുടെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടുവെന്ന് രഞ്ജനയുടെ കുടുംബം ആരോപിക്കുന്ന മറ്റ് രണ്ടുപേരെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നാണ് പൊലീസ് പറയുന്നത്.