ദില്ലി: ഗുഡ്ഗാവില്‍വച്ച് താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസില്‍ പരാതി നല്‍കി ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള യുവതി. ശനിയാഴ്ചയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. രണ്ട് മാസം മുമ്പ് ഉസ്ബക്കിസ്ഥാനില്‍ നിന്ന് ഗുഡ്ഗാവിലെത്തിയതാണ് യുവതി. ഗുഡ്‍ഗാവില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും മൂന്നുപേരില്‍ ഒരാളെ തനിക്ക് അറിയാമെന്നും യുവതി യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. 

അയാളെ യുവതി ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ശനിയാഴ്ച അയാള്‍ യുവതിയെ ഫോണില്‍ വിളിച്ചു. കാണണമെന്നും ദില്ലിയിലെ മസൂദ്പൂരില്‍ നിന്ന് കാറില്‍ യുവതിയെ കൂട്ടാമെന്ന് പറയുകയും ചെയ്തു. അയാള്‍ക്കൊപ്പം കാറില്‍ മറ്റുരണ്ടുപേര്‍കൂടി ഉണ്ടായിരുന്നു. ഗുഡ്ഗാവിലെ ഒരു ഫ്ലാറ്റിലേക്കാണ് അവര്‍ യുവതിയെ കൊണ്ടുപോയത്. അവിടെവച്ച് യുവതി കൂട്ടബലാത്സംഗം നേരിടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. 

ബലാത്സംഗം ചെറുത്തതിന് അവര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. സൗത്ത് ദില്ലിയിലെ യുവതിയുടെ ഫ്ലാറ്റിന് സമീപം അവരെ ഉപേക്ഷിച്ച് മൂവര്‍ സംഘം കടന്നുകളഞ്ഞു. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. 

മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. പ്രധാനപ്രതികളിലൊരാളുടെ രക്ഷിതാക്കള്‍ പരാതി നല്‍കാതിരിക്കാന്‍ യുവതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.