മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പോലീസ് കേസെടുത്തത്. പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
ഇടുക്കി: ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ്സുകാരനെ അദ്ധ്യാപകൻ മർദിച്ച സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തു. അധ്യാപകനോട് ഒരു മാസം അവധിയിൽ പോകാൻ പിടിഎ നിർദേശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വ്യാഴാഴ്ചയാണ് അണക്കര ഗവൺമെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി ഉയർന്നത്. തമിഴ് മീഡിയം അധ്യാപകൻ ശിവകുമാറാണ് മർദ്ദിച്ചത്. കളിയാക്കി എന്നാരോപിച്ച് ചൂരൽ കൊണ്ട് തുടയിലും ദേഹത്തും അടിച്ചെന്നും മുഖത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പോലീസ് കേസെടുത്തത്. പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
പിടിഎ നടത്തിയ അന്വേഷണത്തിൽ ക്ലാസ് മുറിയിൽ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വടികൊണ്ട് പലതവണ അടിച്ചതായി കുട്ടികൾ പറഞ്ഞു. വിവരങ്ങൾ പ്രധാന അധ്യാപനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് അധ്യാപകനോട് ഒരുമാസം നിർബന്ധിത അവധിയിൽ പോകാൻ സ്കൂൾ പിടിഎ നിർദ്ദേശിച്ചത്. പകരം താൽക്കാലിക അധ്യാപകനെ നിയമിച്ച ക്ലാസുകൾ മുമ്പോട്ടു കൊണ്ടുപോകും. സംഭവ സമയത്ത് ക്ലാസിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് കൗൺസിലിഗും നൽകും. വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ജില്ല് വിദ്യാഭ്യാസ ഓഫീസിൽ നിന്നുള്ള സംഘം സ്കൂളിലെത്തി കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകും. അന്വേഷണവുമായി സഹകരിക്കാനാണ് പിടിഎയുടെ തീരുമാനം. മർദ്ദനത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. പോലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ ഗേറ്റ് തള്ളി തുറന്ന് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച് മുദ്രാവാക്യം വിളിച്ചു. അധ്യാപകനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രധാന അധ്യാപകന്റെ ഉറപ്പിനെ തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ സമരം അവസാനിപ്പിച്ചത്.

