തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതക കേസിൽ ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവ്, സനൽ, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവർ കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികളെ രക്ഷപ്പെടാൻ സഹാച്ചിവരാണ് മറ്റ് നാല് പേർ. കൊലപാതക കാരണത്തെ കുറിച്ച് ചോദ്യം ചെയ്യൽ തുടരുന്നു.

അതേസമയം, ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു. എന്നാൽ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിക്കുകയാണ്. അൻസർ ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതേസമയം പിടിയിലായ സനലിന്‍റെ സഹോദരനും ഐഎൻടിയുസി പ്രവർത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികൾ മൊഴി നൽകി.

ആറംഗ അക്രമി സംഘത്തിൽ ഉൾപ്പെട്ട അൻസർ, ഉണ്ണി എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.തെളിവെടുപ്പ് പൂർത്തിയായാൽ പിടിയിലായ സജീവിനെയും സനലിനെയും ഇന്ന് കോടതിയൽ ഹാജരാക്കും. അതേസമയം ഇന്നലെ നടന്ന സിപിഎം പ്രകടനങ്ങളിൽ കോണ്‍ഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തതിൽ പ്രതിഷേധം ശക്തമായി.വെമ്പായം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. പ്രശ്നബാധിത മേഖലകളിൽ പൊലീസ് വിന്യാസം തുടരുന്നു.