തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനിൽ വച്ച് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന രണ്ട് മുഖ്യ പ്രതികൾ അറസ്റ്റിൽ. കേസിലെ രണ്ട് പ്രധാനപ്രതികളാണ് പിടിയിലായത്. സജീവ്, സനൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നും മൂന്നും പ്രതികളാണ് ഇവർ. രണ്ട് പേരും കോൺഗ്രസ് പ്രവർത്തകരാണ്. ഐഎൻടിയുസി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്. 

മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ആക്രമിച്ചതും വെട്ടിപ്പരിക്കേൽപിച്ചതും ഇവരാണെന്ന് പൊലീസ് അറിയിച്ചു. ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയുടെ സഹോദരനാണ് കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന സനൽ. അക്രമികൾക്ക് സഹായം നൽകിയവരും ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരുമായ ഏഴ് പേരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ഇപ്പോൾ അറസ്റ്റിലായ, കോൺഗ്രസ് പ്രവർത്തകനായ സജീവിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് കൊല്ലപ്പെട്ടവർക്ക് ഒപ്പമുണ്ടായിരുന്ന പ്രധാന സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐന്‍ടിയുസി പ്രാദേശിക നേതാക്കളാണെന്ന് പൊലീസ് കണ്ടെത്തി. തിരുവോണദിനത്തിന് രാവിലെ കേരളം കേട്ടുണർന്ന കൊലപാതകവാർത്തയുടെ പിന്നാലെ സംസ്ഥാനത്ത് പലയിടത്തും, അക്രമസംഭവങ്ങളുമുണ്ടായി.

രാഷ്ട്രീയകൊലപാതകം തന്നെയാണ് മിഥിലാജിന്‍റെയും ഹഖ് മുഹമ്മദിന്‍റേതുമെന്ന് വ്യക്തമാക്കി എഫ്ഐആർ പുറത്തുവന്നിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെത്തന്നെയാണ് മാരകായുധങ്ങളുമായി ഇവരെ രണ്ട് പേരെയും പ്രതികൾ ആക്രമിച്ചതെന്നും, എഫ്ഐആർ പറയുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജും ഹഖ് മുഹമ്മദുമായി ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നു എന്നും എഫ്ഐആർ ചൂണ്ടിക്കാട്ടുന്നു.