കോട്ടയം: കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെവിന്‍റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാൻ കോടതിയില്‍ എത്തില്ല.

2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. 

2018 മെയ് 27 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ കാണിനില്ലെന്ന് അച്ഛൻ ജോസഫ് ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പൊലീസ് പരാതി അവഗണിച്ചു. മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും വിഷയം വിവാദമാകുകയും ചെയ്തപ്പോൾ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

കെവിന്‍റെ സുഹൃത്തായ അനീഷിനെ ഷാനുവും കൂട്ടരും മര്‍ദ്ദിച്ചവശനാക്കി കോട്ടയത്തിനു സമീപം ക്രാന്തിക്കവലയിൽ ഉപേക്ഷിച്ചിട്ട് കടന്നു. അനീഷ് പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചുവെങ്കിലും ദ്രുതഗതിയിൽ നടപടിയുണ്ടായില്ല. അന്ന് തന്നെ മകളെ കാണാനില്ലെന്ന് നീനുവിന്‍റെ പിതാവ് ചാക്കോ പരാതിപെട്ടു. കെവിനൊപ്പം പോകണമെന്ന് നീനു പറഞ്ഞതിനാൽ കോടതി നീനുവിനെ കെവിന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

2018 മെയ് 28ന് പുലർച്ചെ തെന്മലയിൽ ചാലിയക്കര തോട്ടിൽ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛൻ ചാക്കോ ജോണിനെയും പിടികൂടി. 

കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കെവിന്‍റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതെന്ന് ഫോറൻസിക് റിപ്പോർട്ടും പിന്നാലെ വന്നു. 

കെവിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 2019 ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. കെവിൻ വധം ദുരഭിമാനക്കൊലയെന്ന് കോടതി നിരീക്ഷിച്ചു. വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറ് മാറി. സസ്പെൻഷനിലായിരുന്നു എസ്ഐ എം എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഈ നടപടി മരവിപ്പിച്ചു. കെവിൻ മുങ്ങിമരിച്ചതല്ല, മുക്കിക്കൊന്നതാണെന്ന് വിചാരണയ്ക്കിടെ പൊലീസ് സർജൻമാർ കോടതിയിൽ മൊഴി നൽകി. 

നീനു കെവിന്‍റെ വീട്ടിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി ഇപ്പോൾ എംഎസ്ഡബ്ലുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. സംസ്ഥാനസർക്കാരാണ് നീനുവിന്‍റെ പഠനചിലവ് വഹിക്കുന്നത്. നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാൻ കെവിന്റ കുടുംബവും തയ്യാറാണ്. വീട് വയ്ക്കാൻ സർക്കാർ നൽകിയ പണം ഉപയോഗിച്ച് കെവിന്റ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്.