ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോസംരക്ഷകനെ പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച, ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പിപാരിയ ടൗണിലാണ് സംഭവം. കൊലപാതകം ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. 35കാരനായ രവി വിശ്വകര്‍മയാണ് കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെ ഗോ രക്ഷക് വിഭാഗം ജില്ലാ ചുമതല വഹിച്ചിരുന്നയാളാണ് രവി വിശ്വകര്‍മ. 

കൊല്ലപ്പെട്ടയാള്‍ കാറില്‍ ഹോഷന്‍ഗബാദില്‍നിന്ന് തിരിച്ചുവരുകയായിരുന്നു. പിപ്പാരിയയില്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞു നിര്‍ത്തി മാരാകായുധങ്ങളുമായി ആക്രമിക്കുകയും രവി വിശ്വകര്‍മയെ വെടിവെച്ച് കൊല്ലുകയും ചെയ്തു. കാറില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതികള്‍ കടന്നുകളഞ്ഞെന്ന് പൊലീസ് ഓഫീസര്‍ സതീഷ് അധ്വാന്‍ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ആസൂത്രണം ചെയ്താണ് കൊലപാതകം നടന്നതെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.