തിരുവനന്തപുരം: സർവീസിൽ തിരിച്ചെത്തിയതിന്‍റെ ആഘോഷം കഴിഞ്ഞ് മടങ്ങാനാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ വാഹനം ആവശ്യപ്പെട്ടതെന്ന് പൊലീസിന് മുമ്പാകെ സുഹൃത്ത് വഫാ ഫിറോസ് മൊഴി നൽകി. കാറോടിച്ചത് താനാണെന്ന് പറയാൻ ശ്രീറാം വഫയെ  നിർബന്ധിച്ചു. മദ്യപിച്ച താൻ വാഹനമോടിച്ച് അപകടം വരുത്തിയെന്ന് വന്നാൽ വകുപ്പ് വേറെയാണ്. മദ്യപിക്കാത്ത വഫ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റമേ വരൂ. ഇത് ജാമ്യം ലഭിക്കാവുന്ന കേസാണെന്ന്, ശ്രീറാം പറഞ്ഞെന്നും വഫ പൊലീസിനോട് പറഞ്ഞു. ഇതേ മൊഴി തന്നെ, രഹസ്യകോടതിയിലും വഫ ആവർത്തിച്ചെന്നാണ് വിവരം. 

വഫയുടെ മൊഴിയെന്ത്?

വഫ പൊലീസിന് മുമ്പാകെ നൽകിയ മൊഴി ഇങ്ങനെയാണ്: ശ്രീറാം സർവ്വീസിലേക്ക് തിരിച്ചു വന്നതിന്‍റെ പാർട്ടിയായിരുന്നു ഇന്നലെ. ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ഐഎഎസ്സുകാരുടെ ക്ലബ്ബിലായിരുന്നു ആഘോഷം. ആഘോഷത്തിൽ താനുണ്ടായിരുന്നില്ല. താൻ പാർട്ടിയിൽ പങ്കെടുത്തിരുന്നില്ല. 

മദ്യപിച്ച ശ്രീറാം തന്നെ ഫോണിൽ വിളിച്ച് തിരികെ വിടാനാവശ്യപ്പെട്ടു. വണ്ടിയെടുത്ത് താൻ കവടിയാറിലേക്ക് പോയി. കവടിയാർ വിവേകാനന്ദപ്പാർക്കിന് മുന്നിൽ നിന്നും ശ്രീറാം കാറിൽ കയറി. ഇത്തിരി ദൂരം മുന്നോട്ട് പോയപ്പോഴേക്ക്, കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നിൽ വെച്ച് ശ്രീറാം വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ വാഹനമോടിക്കാമെന്ന് നിർബന്ധിച്ച് കാർ വാങ്ങി. ഞാൻ വിസമ്മതിച്ചിട്ടും ശ്രീറാം സമ്മതിച്ചില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്ന് ശ്രീറാം വാഹനമോടിക്കാൻ തുടങ്ങി.

വീണ്ടും താൻ വേണ്ടെന്ന് നിർബന്ധിച്ചിട്ടും കേട്ടില്ല. തനിക്ക് പരിഭ്രാന്തി തോന്നി. അമിതവേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. ഒടുവിൽ അപകടമുണ്ടായി. തനിക്ക് ഒന്നും ചെയ്യാനായില്ല. പുറത്തിറങ്ങിയ ശ്രീറാം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. പൊലീസിന് മൊഴി നൽകുമ്പോൾ, ശ്രീറാം തന്നോട് വാഹനമോടിച്ചെന്ന് സമ്മതിക്കാൻ പറഞ്ഞു. 

കൊല്ലത്ത് സിറാജ് പത്രത്തിന്‍റെ പ്രൊമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് മടങ്ങവെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബൈക്കിൽ മടങ്ങുകയായിരുന്നു തിരുവനന്തപുരത്തെ യൂണിറ്റ് ഹെഡായ കെ എം ബഷീർ. അപ്പോഴാണ് അർദ്ധരാത്രി 12.55 ഓടെ ബഷീറിന്‍റെ ബൈക്കിന് പിന്നിൽ അമിത വേഗതയിൽ പാഞ്ഞെത്തിയ ശ്രീറാം വെങ്കിട്ട രാമൻ ഓടിച്ച കാർ വന്നിടിയ്ക്കുന്നത്. ബൈക്കിൽ നിന്ന് ഏതാണ്ട് അമ്പത് മീറ്റർ അകലേയ്ക്ക് ബഷീർ തെറിച്ചു വീണു. കാർ മതിലിലിടിച്ച് നിന്നപ്പോൾ ബൈക്ക് അതിനോട് ചേർന്ന് ചതഞ്ഞുപോയ നിലയിലായിരുന്നു. തൽക്ഷണം ബഷീർ കൊല്ലപ്പെട്ടു. 

അതിവേഗം കാറോടിക്കൽ ഇരുവർക്കും ഹോബി

യുവ ഐഎഎസ് ഓഫീസറോടുള്ള കടുത്ത ആരാധനയാണ് ശ്രീറാമുമായുള്ള സൗഹൃദത്തിലേക്കെത്തിച്ചതെന്നാണ് വഫ പറയുന്നത്. നാവായിക്കുളം സ്വദേശിയായ വഫ വർഷങ്ങളായി ഗ‌ൾഫിലാണ്.  മോഡൽ കൂടിയായ വഫ ശ്രീറാമുമായുള്ള സൗഹൃദം തുടങ്ങിയത് ഫേസ് ബുക്ക് വഴിയാണ്. അടുത്തിടെയാണ് വഫ നാട്ടിലെത്തിയത്. കവടിയാറിൽ ഇവർക്കൊരു വീടുണ്ട്. അതിവേഗം കാറോടിക്കൽ വഫയ്ക്കും ഹോബിയാണെന്ന് പൊലീസ് പറയുന്നു. 

മത്സരയോട്ടത്തിന് കുപ്രസിദ്ധമായ കവടിയാർ രാജപാതയിലടക്കം മൂന്ന് തവണ അമിതവേഗത്തിന് വഫയുടെ കാറിന് പിഴ ചുമത്തി. പിഴ നിരന്തരം അടക്കാതെ മുങ്ങിയിട്ടും ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് മോട്ടോർ വാഹനവകുപ്പ് നീങ്ങിയില്ല.