'കഞ്ഞി വച്ച് നല്‍കിയില്ല, ഭാര്യയെ നെഞ്ചില്‍ ചവിട്ടി കൊന്നു'; സീത വധക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം
പിഴ അടക്കാന്‍ വീഴ്ച്ച വരുത്തിയാല്‍ അഞ്ച് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.

കല്‍പ്പറ്റ: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി. നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വി.ആര്‍ കുട്ടപ്പനെ(39)യാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടക്കാന്‍ വീഴ്ച്ച വരുത്തിയാല്‍ അഞ്ച് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.
2022 ഏപ്രില്‍ ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടപ്പന്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കഞ്ഞി വെച്ചു കൊടുത്തില്ലായെന്ന കാരണം പറഞ്ഞാണ് ഭാര്യ സീതയുമായി വഴക്ക് ആരംഭിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. പിന്നീട് രാത്രി പതിനൊന്നരയോടെ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പന്‍ നെഞ്ചില്‍ ചവിട്ടി. നെഞ്ചിന്‍കൂട് തകര്‍ന്ന് ഹൃദയത്തില്‍ കയറി പെരികാര്‍ഡിയം സാക്കില്‍ രക്തം തളം കെട്ടിയാണ് സീത മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നൂല്‍പ്പുഴ എസ്.എച്ച്.ഒ ആയിരുന്ന ടി.സി മുരുകനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സഹായത്തിനായി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രഭാകരന്‍, രതീഷ് ബാബു എന്നിവരുമുണ്ടായിരുന്നു.
അനധികൃത എഴുത്ത് ലോട്ടറി; വ്യാപക റെയ്ഡ്
പാലക്കാട്: അനധികൃത എഴുത്ത് ലോട്ടറികള്‍ക്കെതിരെ വ്യാപക റെയ്ഡ്. തൃത്താല സ്റ്റേഷന്‍ പരിധിയിലെ ആനക്കര, കുമ്പിടി, പടിഞ്ഞാറങ്ങാടി, ആലൂര്‍ മേഖലകളിലെ ലോട്ടറി കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡുകള്‍ നടന്നത്. സംസ്ഥാന ലോട്ടറി വില്‍പന നടത്തുന്നതിന്റെ മറവിലാണ് എഴുത്ത് ലോട്ടറികളും നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. സാധാരണക്കാരന്റെ കൂലി പണം കവരുന്ന എഴുത്തു ലോട്ടറി കാരണം നിരവധി കുടുംബങ്ങള്‍ തകരുന്നുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് പൊലീസ് പറഞ്ഞു. എഴുത്തു ലോട്ടറി നടത്തുന്നുവെന്ന് ബോധ്യപ്പെട്ട ആനക്കരയിലെ ശ്രീലക്ഷ്മി ലോട്ടറി ഏജന്‍സി നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിച്ചു. ഇന്‍സ്‌പെക്ടര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷാജി കെ.എം, സുരേഷ് എന്നിവരുടെ കീഴില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ റെയ്ഡില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാലന്‍, ദേവകി, പ്രഭുദാസ്, ബാബു, അബ്ദുള്‍ റഷീദ്, സജിത്ത്, രാകേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.