കല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിൽ തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. രതിൻ ബിശ്വാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ബർദ്വാനിലെ കട്വ പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്. 

തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകനായ രതിന്‍ ബിശ്വാസ് കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. ബിസിനസ് രംഗത്തെ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ആരോപണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് പേര്‍ ബിശ്വാസിനോട് തര്‍ക്കിക്കുകയും തുടര്‍ന്ന് പോയിന്‍റ് ബ്ലാങ്കില്‍ രതിന്‍ ബിശ്വാസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞദവിസം വൈകിട്ട് നാലിന് ജോസി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ രതിന്‍ ബിശ്വാസിന് ഒരു ഫോണ്‍ വന്നിരുന്നുവെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. പൊലീസ് ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ബിശ്വസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്