Asianet News MalayalamAsianet News Malayalam

വായിൽ കല്ല് തിരുകി ഇടി, ചവണ കൊണ്ട് പല്ല് പിഴുതെടുക്കും; ആരാണ് തമിഴ്നാടിനെ വിറപ്പിച്ച കുപ്രസിദ്ധ ഐപിഎസ് ഓഫിസർ

39കാരനായ ബൽവീർ സിങ് മുംബൈ ഐഐടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഐപിഎസുകാരനാകുന്നത്. ഇതിനിടെ 6 വർഷം ഇന്ത്യൻ ഓയിൽ കോർപറേഷനിലും ജോലി ചെയ്തു.

who is Balveer Singh IPS accused custodial torture prm
Author
First Published Nov 12, 2023, 6:29 PM IST

ചെന്നൈ: ക്രൂരതയുടെ പര്യായമായിരുന്നു അംബാസമുദ്രം എഎസ്പി ബൽവീർ സിങ്. സർവീസിൽ കയറി കുറച്ച് ദിവസങ്ങൾകൊണ്ടുതന്നെ പൊലീസ് ഓഫിസർ മാധ്യമങ്ങളിൽ നിറഞ്ഞു. കേസന്വേഷണത്തിലെ മിടുക്കുകൊണ്ടായിരുന്നില്ല പ്രശസ്തനായത്. പകരം കസ്റ്റഡിയിലാകുന്നവരെ ക്രൂരമായി മർദ്ദിക്കുന്നതിലൂടെയായിരുന്നു. കഴിഞ്ഞ ദിവസമാണ് അടിപിടിക്കേസിൽ കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അംബാസമുദ്രം എഎസ്പിയായിരുന്ന ബൽബീർ സിങ്ങിനെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. മാർച്ച് 29മുതൽ ഇയാൾ സസ്പെൻഷനിലായിരുന്നു. ഇയാളുടെ ക്രൂരത സർക്കാറിനും പൊലീസ് സേനക്കും വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തു. 

രാജസ്ഥാനിലെ ടോങ്കാണ് ബൽവീർ സിങ്ങിന്റെ സ്വദേശം. 39കാരനായ ബൽവീർ സിങ് മുംബൈ ഐഐടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഐപിഎസുകാരനാകുന്നത്. ഇതിനിടെ 6 വർഷം ഇന്ത്യൻ ഓയിൽ കോർപറേഷനിലും ജോലി ചെയ്തു. പൊലീസ് മോഹം കയറിയതോടെ സിവിൽ സർവീസ് പരീക്ഷയെഴുതി ഐപിഎസ് നേടുരയും 2020ൽ പൊലീസ് സേനയിലെത്തുകയും ചെയ്തു. തമിഴ്നാ‌ട്ടിലായിരുന്നു പോസ്റ്റിങ്. ‌യൂണിഫോമിട്ടാൽ സിനിമാ സ്റ്റൈലിലായിരുന്നു പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിൽ എഎസ്പിയായി ചുമതലയേറ്റത്. പിന്നീട് സ്റ്റേഷനിലെത്തുന്ന പ്രതികൾ നേരിട്ടുന്നത് ക്രൂരപീഡനമാ‌യിരുന്നു. ഇയാളുടെ കുപ്രസിദ്ധി സംസ്ഥാനത്താകെ വ്യാപിച്ചു. 

മാർച്ച് 10നായിരുന്നു ഇയാളുടെ വീരകഥകൾ പുറംലോകമറിഞ്ഞ സംഭവമുണ്ടായത്. അതുകേട്ട് മനസാക്ഷിയുള്ളവരെല്ലാം നടുങ്ങി. അംബാസമുദ്രം നഗരത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായി. സംഭവത്തിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ ഒൻപതു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാർക്ക് നേരെ ക്രൂരത‌യു‌ടെ എല്ലാ സീമകളും കടന്നു. അന്നു രാത്രിയും അടുത്ത ദിവസം രാവിലെയും ബൽവീർ സിങ്ങിന്റെ കൊടുംക്രൂരതക്ക് ഇവർ വിധേയരായി. മർദനത്തിൽ പ്രതികളിൽ അഞ്ചുപേരുടെ പല്ല് കൊഴിഞ്ഞു. വായിൽ ഉരുളൻ കല്ലുകൾ തിരുകി മുഖത്തടിക്കുന്നതായിരുന്നു ഇയാളുടെ രീതി. നഖം ചവണകൊണ്ട് പറിച്ചെടുക്കുന്നതും ഇയാളുടെ രീതിയായിരുന്നു. കസ്റ്റഡിയിലായവകിൽ ഒരാൾ നവവരനാണെന്നറിഞ്ഞതോ‌ടെ ഇയാളുടെ ജനനേന്ദ്രിയം തകർത്തു. അംബാസമുദ്രത്തിലും സമീപത്തെ വിക്രംസിങ്കപുരം പൊലീസ് സ്റ്റേഷനിലുമായിരുന്നു ക്രൂരപീഡം. ഇയാളൊടൊപ്പം ​ഗൺമാനും മർദ്ദിച്ചു. അതുവരെ സിനിമകളിൽ മാത്രം കണ്ട ക്രൂരത എന്ന് തമിഴ്നാട്ടിൽ ശരിക്കും അരങ്ങേറി. വാർത്ത പുറത്തായതോടെ പ്രതിഷേധമുണ്ടായിട്ടും ഇയാൾക്ക് കുലുക്കമുണ്ടായില്ല. 

പ്രതികളിൽ മൂന്നുപേർ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. നേരിട്ട ക്രൂരത ഇവർ വിവരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മനുഷ്യാവകാശ ലംഘനമാരോപിച്ച് അഭിഭാഷകൻ വി.മഹാരാജൻ എഎസ്പിക്കെതിരെ കേസ് ഫയൽ ചെയ്തു. 
ബൽബീർ സിങ്ങിന്റെ ക്രൂരത നിയമസഭയിൽ ചർച്ചയായി. പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബൽവീർ സിങ്ങിനെ സസ്പെൻഡ് ചെയ്തു. ബൽവീർ സിങ്ങിന്റെ സൂപ്പർവൈസിങ് ഓഫിസറും തിരുനെൽവേലി എസ്പിയുമായ പി.ശരവണനെയും എട്ട് ജൂനിയർ പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. 

who is Balveer Singh IPS accused custodial torture prm

എഎസ്പി നിരന്തരമായി പ്രതികളെ പീഡനത്തിന് വിധേയമാക്കിയ വാർത്തകൾ പുറത്തുവന്നു. അംബാസമുദ്രം, വിക്രംസിങ്കപുരം, കല്ലിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനുകളായിരുന്നു ഇയാളുടെ കേന്ദ്രങ്ങൾ. നാട്ടുകാർക്കിടയിൽ ആദ്യം ഇയാൾ സിങ്കം പൊലീസായിരുന്നു. ഗാർഹിക പീഡനത്തിന് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചതായിരുന്നു തുടക്കം. ഈ സംഭവത്തിൽ എഎസ്പിയുടെ പ്രവൃത്തിയെ പുകഴ്ത്തി നാട്ടുകാർ ഫ്ലെക്സ് ബോർഡ് വച്ചു. പിന്നീട് ഇയാളെക്കൊണ്ട് നാട്ടുകാർ പൊറുതി മുട്ടി. നിസാര കാര്യത്തിന് പോലും സ്റ്റേഷനിൽ വിളിപ്പിച്ച് ക്രൂരമായി മർദ്ദിക്കുന്നത് വിനോദമാക്കി. ഒടുവിൽ ഇയാൾക്കെതിരെ കുരുക്കുമുറുകകയാണ്. വിചാരണക്ക് സർക്കാർ അനുമതി നൽകിയതോടെ കുറ്റം തെളിഞ്ഞാൽ ജയിൽ പോകേണ്ടിവരുമെന്ന അവസ്ഥയിലാണ്. 

Follow Us:
Download App:
  • android
  • ios