ടുത്ത സൗഹൃദങ്ങൾ, വല്ലാത്ത പൊസസീവ്‍നെസ്സിലേക്ക് വഴി മാറുകയും ഭ്രാന്തിനോടടുക്കുന്ന വികാരമായി മാറുകയും അത് കൊലപാതകത്തിലെത്തുകയും ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. ആസിഡൊഴിച്ചും, തീ കൊളുത്തിയും പ്രണയം നിരസിക്കുന്നവരെ കൊല്ലുന്ന സംഭവങ്ങൾ കേട്ടറിഞ്ഞിരുന്ന മലയാളികൾ അതിപ്പോൾ കൺമുന്നിൽ കാണുന്നു. 

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പത്തൊമ്പതുകാരനായ യുവാവ് നടുറോഡില്‍ വച്ച് പെട്രൊളൊഴിച്ച് കത്തിച്ചത്. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുകയായിരുന്ന കവിതയെ, ക്ലാസില്‍ പോകും വഴിയാണ് ഇയാള്‍ പിന്തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പിച്ച ശേഷം തീകൊളുത്തിയത്. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. 

ഇപ്പോൾ സൗമ്യ എന്ന പൊലീസുദ്യോഗസ്ഥയെ, കൂടെ ജോലി ചെയ്യുന്ന സ്ത്രീയെ, മൂന്ന് കുട്ടികളുടെ അമ്മയെ തീ കൊളുത്തി കൊന്നത് സഹപ്രവർത്തകനായ, നിയമം പാലിക്കേണ്ട പൊലീസുദ്യോഗസ്ഥനാണ്. പൊലീസ് സേനയിൽ ജോലിക്കെത്തിയത് മുതൽ പരിചയമുള്ള സൗമ്യയോടുള്ള അടുപ്പം പിന്നീട് അജാസിന് ഭ്രാന്തമായ പ്രണയമായി മാറുകയായിരുന്നു. ശല്യം സഹിക്കാതായപ്പോൾ സൗമ്യ പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. അജാസിൽ നിന്ന് കടം വാങ്ങിയ പണത്തിന്‍റെ ബാധ്യതകൾ അപ്പോഴും സൗമ്യയുടെ തലയ്ക്ക് മുകളിൽ നിന്നു. പണം തിരിച്ചു കൊടുത്തപ്പോൾ അജാസത് വാങ്ങിയില്ല. പകരം ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഏറെ ബാധ്യതകളുള്ള കുടുംബത്തിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയ സൗമ്യക്കാകട്ടെ, സ്വന്തം അമ്മയോടല്ലാതെ മറ്റാരോടും ഇക്കാര്യം പറയാനുമായില്ല.

ജോലി നേടി അഞ്ചാം വാർഷികദിനത്തിൽ എരിഞ്ഞു തീർന്ന ജീവിതം

2014 ജൂൺ 15-നാണ് സൗമ്യ കേരളാ പൊലീസിൽ ജോലി നേടുന്നത്. മറ്റൊരു ജൂൺ 15-ന് കൂടെ ജോലി ചെയ്ത സഹപ്രവർത്തകൻ തീ കൊളുത്തിയപ്പോൾ എരിഞ്ഞു തീർന്നു സൗമ്യയുടെ ജീവിതം. കൊല്ലം ക്ലാപ്പന സ്വദേശിയായ തണ്ടാശ്ശേരിൽ പുഷ്‍പാകരന്‍റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകളായ സൗമ്യയ്ക്ക് ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. തയ്യൽ ജോലി ചെയ്താണ് അമ്മ ഇന്ദിര കുട്ടികളെ പഠിപ്പിച്ചത്. വർഷങ്ങളായി തളർന്നു കിടപ്പാണ് സൗമ്യയുടെ അച്ഛൻ പുഷ്പാകരൻ. മക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതും കയ്യിൽ കിട്ടിയ ഓരോ രൂപയും സൂക്ഷിച്ചു വച്ചാണെന്ന് അമ്മ ഇന്ദിര മാധ്യമങ്ങളോട് നിറ കണ്ണുകളോടെ പറഞ്ഞിരുന്നു. 

ബിരുദവിദ്യാർത്ഥിനിയായിരിക്കെയാണ് സൗമ്യ വിവാഹിതയാകുന്നത്. ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോഴും സ്വന്തമായി ഒരു ജോലി വേണമെന്ന സ്വപ്നം സൗമ്യ ഉപേക്ഷിച്ചിരുന്നില്ല. പിഎസ്‍സി പരീക്ഷകൾ തുടർച്ചയായി എഴുതി. ഒടുവിൽ പൊലീസിൽ പ്രവേശനം നേടി. 

തൃശ്ശൂർ കെഎപി ബറ്റാലിയനിലായിരുന്നു സൗമ്യയുടെ ആദ്യ പരിശീലനം. അവിടെ വച്ചാണ് സൗമ്യ അജാസിനെ കാണുന്നത്. സഹപ്രവർത്തകനുമായി നല്ല സൗഹൃദമായിരുന്നു സൗമ്യയ്ക്ക്. അജാസിനോട് മാത്രമല്ല, കൂടെയുള്ള എല്ലാവരോടും എപ്പോഴും ചിരിച്ചാണ് സൗമ്യ പെരുമാറാറുള്ളത് എന്ന് സഹപ്രവർത്തകരെല്ലാം പറയുന്നു. ഏറെ ബുദ്ധിമുട്ടേറിയ ജീവിതസാഹചര്യങ്ങളിൽ നിന്ന് വന്നിട്ട് പോലും, എന്നും സൗമ്യമായിരുന്നു അവരുടെ പെരുമാറ്റം.

സൗമ്യയെ പരിശീലന കാലത്ത് ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്ന് കൂടെയുള്ളവർ പറയുന്നു. അവിടെ നിന്നാണ് ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലാകുന്നത്. പിന്നീട് സൗമ്യയ്ക്ക് വള്ളിക്കുന്നത്തേക്ക് പോസ്റ്റിംഗ് ലഭിച്ചു. അജാസ് സ്വന്തം നാടായ കൊച്ചിയിലെ ട്രാഫിക് വിഭാഗത്തിലേക്കും പോയി. അപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു. 

പണവും ബാധ്യതകളും ബ്ലാക്ക് മെയിലിംഗും

ഇതിനിടെ ആദ്യം ഗൾഫിലായിരുന്ന സൗമ്യയുടെ ഭർത്താവ് പിന്നീട് ലിബിയയിലേക്ക് ജോലിക്ക് പോയി. മൂന്ന് കുട്ടികൾക്കൊപ്പം സൗമ്യ നാട്ടിൽ ഒറ്റയ്ക്കായി. ഇതിനിടെ പുതിയ വീടിന്‍റെ പണികളും തുടങ്ങി. അപ്പോൾ സഹായത്തിനുണ്ടായിരുന്നത് സൗമ്യയുടെ അമ്മയാണ്.

ഏറ്റവും ഇളയ കുഞ്ഞിനെ വീട്ടിൽ ഒറ്റയ്ക്ക് വിട്ടു പോകാൻ കഴിയാതിരുന്നതിനാൽ ക്ലാപ്പനയിലുള്ള സ്വന്തം വീട്ടിലാണ് കൊണ്ടുപോയി ആക്കിയിരുന്നത്. തൊട്ടടുത്തുള്ള അങ്കണവാടിയിലായിരുന്നു കുഞ്ഞ്. ജോലി കഴിഞ്ഞാൽ വള്ളികുന്നത്ത് നിന്ന് സൗമ്യ എത്തി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകും. 

വള്ളികുന്നത്ത് പുതിയ വീട് പണിയുന്നതിനിടെയാണ് നാല് വർഷം മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സൗമ്യ അജാസിൽ നിന്ന് കുറച്ച് പണം കടം വാങ്ങിയത്. ഒന്നേമുക്കാൽ ലക്ഷം രൂപയാണ് സൗമ്യ വാങ്ങിയതെന്നാണ് അമ്മ പറയുന്നത്. സൗഹൃദം അപ്പോഴേക്ക് കടുത്ത പ്രണയമായി വളർന്ന അജാസിന് പണം കടം നൽകാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കാക്കനാട്ട് അജാസിന്‍റെ പേരിൽ വീടിനോട് ചേർന്ന് കടമുറികളുണ്ടായിരുന്നു. അവിവാഹിതനായ അജാസിന് വേറെ ചിലവുകളുമുണ്ടായിരുന്നില്ല. 

വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടൊക്കെയും സഹോദരിയുടെ പുനർവിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്. നല്ല സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്‍റേത്.

പണം കടം കൊടുത്ത ശേഷമാണ് അജാസ് തുടർച്ചയായി സൗമ്യയോട് പ്രണയാഭ്യർത്ഥന നടത്തിത്തുടങ്ങിയത്. കടുത്ത പ്രണയമാണെന്നും സൗമ്യയില്ലാതെ ജീവിക്കാനാകില്ലെന്നും അജാസ് പറഞ്ഞു. കുടുംബമായി ജീവിക്കുന്ന സൗമ്യയ്ക്ക് ഈ പെരുമാറ്റം ബുദ്ധിമുട്ടായിത്തുടങ്ങി. പല തവണ കടം തിരിച്ചു നൽകാനൊരുങ്ങിയപ്പോഴും അജാസ് തിരിച്ചു വാങ്ങിയില്ല.

ഇതിന് ശേഷം സൗമ്യ അജാസിന്‍റെ ഫോൺ കോളുകൾ ബ്ലോക്ക് ചെയ്തു. ഫോൺ ലോക്ക് ചെയ്തു വച്ചു. മെസേജുകളും ബ്ലോക്ക് ചെയ്തു. ഇതോടെ അജാസിന്‍റെ പ്രണയം പകയായി മാറി. അജാസ് സൗമ്യയെ കാണാൻ വന്നു.

കൊലപാതകശ്രമം ആദ്യമായല്ല!

ഫോൺ ലോക്ക് ചെയ്തെന്ന പേരിലാണ് അന്ന് കാണാൻ വന്നപ്പോൾ അജാസ് സൗമ്യയുടെ മേൽ പെട്രോൾ ഒഴിച്ചത്. അന്ന് ദേഹം മുഴുവൻ ഷൂ കൊണ്ട് അടിച്ചെന്നും സൗമ്യയുടെ അമ്മ വെളിപ്പെടുത്തി. 

"അടിച്ചപ്പോൾ നിനക്ക് ഇറങ്ങി ഓടാമായിരുന്നില്ലേ മോളേ എന്ന് ഞാൻ സൗമ്യയോട് ചോദിച്ചു. അന്ന് എന്‍റെ കുഞ്ഞ് 'നീ ഇവിടെ നിന്ന് പോ' എന്ന് കാല് പിടിച്ച് കരഞ്ഞപ്പോഴാണ് അവൻ പോയത്. പിന്നീട് കാശ് കൊടുക്കാൻ പോയപ്പോൾ അജാസ് അത് വാങ്ങിയില്ല. തന്നെ ഉപദ്രവിച്ചതിന്‍റെ കുറ്റബോധത്തിലാണ് അജാസ് കാശ് വാങ്ങാത്തതെന്ന് അപ്പോൾ സൗമ്യ പറഞ്ഞു", സൗമ്യയുടെ അമ്മ പറയുന്നു. 

ശല്യം സഹിക്കാനാകാതെയായപ്പോഴാണ് സൗമ്യ ബുദ്ധിമുട്ടുകൾ അമ്മയോട് പറയുന്നത്. അമ്മ സൗമ്യയെയും കൂട്ടി രണ്ട് മാസം മുമ്പ് ഒന്നര ലക്ഷം രൂപയുമായി അജാസിനെ കാണാൻ പോയി. അവിടെ നിന്നും അജാസ് പണം തിരികെ വാങ്ങിയില്ല. അജാസ് തന്നെയാണ് അന്ന് സൗമ്യയെയും അമ്മയെയും തിരികെ വീട്ടിൽ കൊണ്ടുവിട്ടത്. 

'അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ ഉത്തരവാദി അജാസ്..'

പിന്നീടും സൗമ്യയുടെ അകൽച്ച തുടർന്നപ്പോഴാണ് അജാസ് സൗമ്യയെ കൊല്ലാൻ തീരുമാനിക്കുന്നത്. ഈ ആക്രമണം സൗമ്യയും ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് സൗമ്യയുടെ മകന്‍റെ മൊഴി. അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ ഉത്തരവാദി അജാസ് എന്നയാളാണെന്ന് പൊലീസിനോട് പറയണമെന്ന് സൗമ്യ കരഞ്ഞു പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്ത മകൻ പറയുന്നു. മറ്റ് രണ്ട് കുഞ്ഞുങ്ങൾ തീരെച്ചെറിയ കുട്ടികളാണ്. ഏറ്റവും ഇളയ കുഞ്ഞ് അങ്കണവാടിയിലാണ്.

കൊലപാതകം ഇങ്ങനെ ...

ജൂൺ 15-നാണ് അജാസ് സൗമ്യയെ കൊല്ലാനുറച്ച് പെട്രോളും വടിവാളുമായി വള്ളിക്കുന്നത്തേക്ക് എത്തുന്നത്. ഉച്ചയ്ക്ക് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി കുടുംബവീട്ടിലേക്ക് സ്കൂട്ടറോടിച്ച് പോകും വഴിയാണ് സൗമ്യയെ അജാസ് ദാരുണമായി കൊലപ്പെടുത്തുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ ചെറിയ റോഡിലേക്ക് കയറിയതേ ഉണ്ടായിരുന്നുള്ളു സൗമ്യ. അതിനിടയ്ക്കാണ് കാറുമായി അജാസ് എത്തിയത്. സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്‍ത്തിയ ശേഷമാണ് അജാസ് സൗമ്യയെ വെട്ടിയത്. 

വെട്ടേറ്റ സൗമ്യ അലറിക്കരഞ്ഞ് പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറി. എന്നിട്ടും വെറുതെ വിടാൻ അജാസ് തയ്യാറായില്ല. പിന്നാലെ ഓടിച്ചെന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.നിമിഷങ്ങൾക്കകം തീഗോളമായി സൗമ്യ മാറിയത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അത്രയേറെ തീയാളി പടര്‍ന്നിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

ഇതിനിടെ അജാസിന്‍റെ ദേഹത്തും പെട്രോൾ വീണു. തീയാളിക്കത്തിയതോടെ അജാസിനും പൊള്ളലേറ്റു. സ്തബ്ധനായത് പോലെ നിൽക്കുകയായിരുന്നു അജാസ്. ദേഹം മൊത്തം പൊള്ളിയ പാടുകൾ. തൊലി പൊള്ളിയടർന്നിരുന്നു. വസ്ത്രവും കത്തിപ്പോയി. 

ആത്മഹത്യ ചെയ്യാൻ വന്നതാണെന്ന് അജാസ്

ഗുരുതരമായി പൊള്ളലേറ്റ അജാസിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സൗമ്യയുടെ ദേഹം ഏതാണ്ട് പൂർണമായും കത്തിയമർന്നിരുന്നു. സൗമ്യയെ തീകൊളുത്തി കൊന്ന് ആത്മഹത്യ ചെയ്യാനാണ് വന്നതെന്നാണ് അജാസ് പിന്നീട് മജിസ്ട്രേറ്റിന് നൽകിയ മൊഴി. എന്നാലിത് പൂർണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല. 

സൗമ്യയുടെ ദേഹത്ത് പെട്രോളൊഴിച്ചതിനൊപ്പം സ്വന്തം ദേഹത്തും പെട്രോളൊഴിച്ചെന്ന് അജാസ് പൊലീസിനോട് പറഞ്ഞു. എന്നാൽ ദൃക്സാക്ഷികൾ ഇത് നിഷേധിക്കുന്നു. സൗമ്യയുടെ ദേഹത്ത് തീയാളിപ്പടർന്നപ്പോൾ അജാസ് ദൂരേയ്ക്ക് മാറാനാണ് ശ്രമിച്ചത്. കയ്യിൽ പെട്രോളൊഴിച്ച പാത്രമുണ്ടായിരുന്നതിനാൽ തീ അജാസിന്‍റെ ദേഹത്തേയ്ക്കും പാളുകയായിരുന്നു എന്നാണ് സംഭവസ്ഥലത്തെത്തിയ ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. 

40 ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്‍റെ നില ആദ്യത്തെ രണ്ട് ദിവസം തൃപ്തികരമായിരുന്നു. എന്നാൽ പിന്നീട് നില വഷളായി. അജാസിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനായില്ല. അതിനാൽ ആശുപത്രിക്കിടക്കയിലിരുന്നാണ് മൊഴിയെടുത്തത്. ആന്തരികാവയങ്ങളിൽ പൊള്ളലേറ്റയിടത്ത് അണു ബാധ കണ്ടെത്തി. വൃക്കകൾ പ്രവർത്തനരഹിതമായതോടെ ഡയാലിസിസ് തുടങ്ങി. കടുത്ത പനിയനുഭവപ്പെട്ടു. പിന്നീട് പനി കൂടി ന്യൂമോണിയയായി. 18ാം തീയതി മുതൽ മരുന്നുകളോട് പ്രതികരിക്കാതായി. പിറ്റേന്ന് മരണം സ്ഥിരീകരിച്ചു.