കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കരിമൂർഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നാണ് സൂരജിന്‍റെ കുറ്റസമ്മതമൊഴി. ഇത്തരമൊരു ക്രൂരപ്രവര്‍ത്തിയിലേക്ക് സൂരജിനെ എത്തിച്ചതിന് പിന്നിലെ ലക്ഷ്യവും അയാള്‍ മൊഴിയില്‍ പറഞ്ഞു . 

ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യം. ഇതിനായി തീര്‍ത്തും സ്വാഭാവികമായുള്ള മരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇയാള്‍ 'പാമ്പ് കടിയേല്‍പ്പിക്കുക' എന്ന തന്ത്രം മെനഞ്ഞത്. സംഭവത്തില്‍ സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാല് പേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. 

Also Read: ഉത്രയുടെ അന്നത്തെ ആ ഫോണ്‍ കോള്‍ ഇന്ന് തെളിവായി; സത്യം മറനീക്കി പുറത്ത് വന്നതിങ്ങനെ

ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നുവെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലിൽ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പൊലീസിനോട് പറഞ്ഞു. ഉത്രയെ കൊല്ലുന്നതിനായി 10000 രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. 

Also Read :രാത്രി ഉത്രയുടെ മുകളിൽ കരിമൂർഖനെ കുടഞ്ഞിട്ടു, പാമ്പ് കടിക്കുന്നത് നോക്കി നിന്നു; സൂരജിന്റെ കുറ്റസമ്മതം ഇങ്ങനെ

ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. തുടര്‍ന്ന് പാമ്പിനെ കുപ്പിയിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടിൽ സൂക്ഷിച്ചുവെന്നും പൊലീസ് പറയുന്നു. വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളിൽ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. തുടര്‍ന്ന്, രാവിലെ സൂരജ് തന്നെ പാമ്പിനെ കണ്ടെത്തി തല്ലി കൊല്ലുകയായിരുന്നു.