അഹമ്മദാബാദ്: ഭര്‍ത്താവിന്‍റെ മുന്‍ കാമുകിയെ ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചവശയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചു. അഹമ്മബദാബാദിലെ വഡാജിലാണ് സംഭവം. 22കാരിയായ യുവതിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

മുന്‍ കാമുകനായ ഗിരീഷ് ഗോസ്വാമിയുടെ ഭാര്യയും സുഹൃത്തുക്കളുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഗിരീഷ് ഗോസ്വാമി നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ യുവതി മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെ ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു വര്‍ഷത്തോളം ഈ ബന്ധം തുടര്‍ന്ന ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ രണ്ടുമാസം മുമ്പ് ഗിരീഷ് യുവതിയെ വീണ്ടും ഫോണ്‍ വിളിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ ഗിരീഷിന്‍റെ ഭാര്യ ജാനു തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് യുവതി പറഞ്ഞു.

Read More: സ്ത്രീ വേഷത്തിലെത്തി മോഷണം, കമ്പം മാലകളോട്; പ്രതി പിടിയില്‍

വ്യാഴാഴ്ച ജാനുവും സുഹൃത്തായ റിന്‍കയും വീട്ടില്‍ നിന്ന് പ്രഗതി നഗറിലേക്ക് പോകുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തി തടഞ്ഞു. അവര്‍ക്കൊപ്പം നിര്‍ബന്ധിച്ച് സ്കൂട്ടറില്‍ കയറ്റിയ ശേഷം യുവതിയെ ജാനുവിന്‍റെ മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലെത്തിച്ചു. അവിടെ വച്ച് മൂന്നുപേരും ചേര്‍ന്ന് യുവതിയെ മുറിയില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. 

വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചതായും ഇതെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഗിരീഷുമായി ഇനി ഫോണില്‍ സംസാരിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്ത പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തു.