Asianet News MalayalamAsianet News Malayalam

ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നുകുഴിച്ചുമൂടി; എട്ട് വര്‍ഷത്തിനുശേഷം കേസ് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന

ഡ്രൈവര്‍ ഗണേഷിന്‍റെ സഹായത്തോടെ കമല്‍ മൃതദേഹം കുഴിച്ചെടുത്ത് പൊളിത്തീന്‍ കവറിലാക്കി എഴുപത് കിലോമീറ്ററോളം ദൂരത്തില്‍ പലയിടങ്ങളിലായി വലിച്ചെറിഞ്ഞു...

wife and lover killed man's body exhume after eight years
Author
Delhi, First Published Oct 8, 2019, 11:57 AM IST

ദില്ലി: എട്ട് വര്‍ഷം മുമ്പ് 2011മാര്‍ച്ചി ലാണ് 22കാരനായ രവിയെ ദില്ലിയിലെ സമല്‍ഖ ഗ്രാമത്തില്‍ നിന്ന് കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ മകന്‍റെ ഭാര്യയായ ശകുന്തളയ്ക്കും അയാളുടെ സഹോദരന്‍ രാജുവിനും മകന്‍റെ തിരോധാനത്തില്‍ ബന്ധമുണ്ടെന്നും ആ പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അന്ന് പൊലീസ് വേണ്ടത്ര കാര്യമായി എടുത്തില്ല. എന്നാല്‍ കാണാതായ രവി കൊല്ലപ്പെട്ടതാണെന്നും ഭാര്യയും കാമുകനും കാമുകന്‍റെ ഡ്രൈവറും ചേര്‍ന്നാണ് ആ കൃത്യം നടത്തിയതെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതകത്തിന്‍റെ ചുരുളുകളഴിഞ്ഞുകിട്ടാന്‍ എട്ട് വര്‍ഷം വേണ്ടി വന്നു. ഇത്ര വര്‍ഷം പിന്നിടുമ്പോഴും മുഖ്യപ്രതിയായ, രവിയുടെ ഭാര്യയായിരുന്ന ശകുന്തളയെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

വിവാഹത്തിന് മുമ്പ് ശകുന്തള കമല്‍ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു കമിലിന്. ശകുന്തളയുടെ രക്ഷിതാക്കള്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് 2011 ഫെബ്രുവരി 8ന് ടെമ്പോ ഡ്രൈവറായ രവിയുമായി അവളുടെ വിവാഹം നടത്തി. എന്നാല്‍ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ശകുന്തള തയ്യാറായില്ല. പിറ്റേന്ന് തന്നെ അവള്‍ ഭര്‍ത്താവിന്‍റെ വീടുവിട്ട് തന്‍റെ വീട്ടിലേക്ക് മടങ്ങി. 

മാര്‍ച്ച് 21 ന് ശകുന്തള രവിയുടെ വീട്ടിലേക്ക് തിരിച്ചുവന്നു. എന്നാല്‍ അവള്‍ എത്തിയത് രവിയെ കൊല്ലാനുള്ള പദ്ധതിയുമായായിരുന്നു ആ മടങ്ങി വരവ്. സഹോദരിയുടെ വീട്ടില്‍ പോകണമെന്ന ആവശ്യവുമായി ശകുന്തള രവിയുമായി പുറത്തേക്ക് പോയി. കമലിന്‍റെയും ഡ്രൈവര്‍ ഗണേഷ് കുമാറിന്‍റെയും പദ്ധതി പ്രകാരം ഇവര്‍ ഏര്‍പ്പാടാക്കിയ ഹ്യൂണ്ടായി സാന്‍ട്രോ കാറിലാണ് രവിയും ശകുന്തളയും സഞ്ചരിച്ചത്. ശകുന്തളയുടെ അകന്ന ബന്ധുവാണെന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. 

അല്‍പ്പ ദൂരം ചെന്നപ്പോള്‍ ശകുന്തള കാറില്‍ നിന്ന് പുറത്തിറങ്ങി. കമലും ഗണേഷും ചേര്‍ന്ന് രവിയെ ഒരു കയറ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇവര്‍ അപ്പോള്‍തന്നെ കാറുമെടുത്ത് ആല്‍വാറിലേക്ക് പോകുകയും  അന്ന് രാത്രി തന്നെ കമലിന്‍റെ പേരിലുള്ള സ്ഥലത്ത് അഞ്ചടി ആഴത്തിലുള്ള കുഴിയെടുത്ത് കമലും ഗണേഷും ചേര്‍ന്ന് രവിയുടെ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. 

ലോകല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു ഭലവുമുണ്ടാകാതെ വന്നതോടെ 2011 ഒക്ടോബറില്‍ രവിയുടെ പിതാവ് ജൈ ഭഗ്വാന്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. കോടതി അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവിട്ടു. 

പിന്നീട് നത്തിയ അന്വേഷണങ്ങളിലാണ് കമലും ശകുന്തളയും ഗണേഷും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ജയ് ഭഗവാന്‍റെ സംശയത്തെ തുടര്‍ർന്ന് ക്രൈം ബ്രാഞ്ച് കമലിനെയും ഗണേഷിനെയും ചോദ്യം ചെയ്തു. എന്നാല്‍ ഇതില്‍ ഭയന്ന കമല്‍, ഗണേഷിന്‍റെ സഹായത്തോടെ മൃതദേഹം കുഴിച്ചെടുത്ത് അത് പൊളിത്തീന്‍ കവറിലാക്കി ആല്‍വാറിനും ഹരിയാനയിലെ റെവാരിക്കും ഇടയിലുള്ള  എഴുപത് കിലോമീറ്റര്‍ ദൂരത്തില്‍ പലയിടങ്ങളിലായി വലിച്ചെറിഞ്ഞു. മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് മൃതദേഹം ഉപേക്ഷിച്ചത്. 

ഈ പൊലീസ് സ്റ്റേഷനുകളില്‍ എവിടെയെങ്കിലും കഴിഞ്ഞ എട്ടുവര്‍ഷത്തെ കാലയളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എന്തെങ്കിലും കേസ് നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷണത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്. ഒരു ഇത്രയും വര്‍ഷത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി മാറി വന്നു. അപ്പോഴും ശകുന്തളയും കമലും പ്രതിപ്പട്ടികയില്‍ സംശയത്തിന്‍റെ നിഴലിലായിരുന്നു. 

2012 ല്‍ പൊലീസ് മൂവരുടെയും പൊളിഗ്രാഫ് ടെസ്റ്റ്  നടത്തി. കോടതി ഇത് തെളിവായി സ്വീകരിക്കില്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കും. എന്നാല്‍ അത്ഭുതമെന്ന് പറയട്ടേ മൂവരും പൊളിഗ്രാഫ് ടെസ്റ്റിനെ അതിവിദഗ്ധമായി മറികടന്നു. രണ്ട് വര്‍ഷത്തിന് ശേഷം മൂവരെയും നാര്‍കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കി. 

2017 നവംബറില്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്ക് ഇവരെ വിധേയരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കമലും രാജുവും അംഗീകരിക്കുകയും ശകുന്തള ഒളിവില്‍ പോകുകയുമായിരുന്നു. പൊളിഗ്രാഫ് ടെസ്റ്റില്‍ വിജയിച്ചതോടെ എല്ലാ തരം ടെസ്റ്റുകള്‍ക്കും കമല്‍ സന്നദ്ധനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ടെസ്റ്റിന് ശേഷം കമലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോയി. കമലിനെ കണ്ടെത്തുന്നവര്‍ക്ക് 50000 രൂപയാണ് പ്രതിഫലമായി പൊലീസ് പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ സെപ്തംബര്‍ 27നാണ് കമല്‍ അറസ്റ്റിലാകുന്നത്. ആല്‍വാറില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗണേഷിനെ ബിഹാറില്‍ നിന്നും പൊലീസ് പിടികൂടി. ക1ലപാതകത്തിന് കൂട്ടുനിന്നതിന് 70000 രൂപ പ്രതിഫലം പറ്റിയതിന് ശേഷം ഗണേഷ് ബിഹാറിലേക്ക് പോയിരുന്നു. 

മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് പറഞ്ഞുനല്‍കിയെങ്കിലും കൃത്യമായ സ്ഥലം അവര്‍ മറന്നുപോയിരുന്നു. ഒരു പ്രദേശം മുഴുവന്‍ ക്രെയിന്‍ ഉപയോഗിച്ച് പൊലീസ് കുഴിച്ചുനോക്കി. 2011 ല്‍ ഇരുവരും മൃദദേഹം കുഴിച്ചെടുത്തിരുന്നെങ്കിലും കുറച്ച് ഭാഗം ആ മണ്ണിനടിയില്‍ തന്നെ അവശേഷിച്ചിരുന്നു. 

ബിഹേവിയറല്‍ ടെസ്റ്റ് റിസല്‍ട്ടുകള്‍ കോടതിയില്‍ തെളിവാകില്ലെന്നതിനാല്‍ മൃതദേഹത്തില്‍ നിന്ന് ലഭിച്ച എല്ലുകളുടെ ഡിഎന്‍എ ടെസ്റ്റിന് മാത്രമാണ് കൊലപാതകം തെളിയിക്കാനാകുക. മാത്രമല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിവില്‍ പോയ മുഖ്യപ്രതിയായ ശകുന്തളയെ ഇതുവരെ കണ്ടെത്താനും പൊലീസിനായിട്ടില്ല. 

രവിയുടെ മരണത്തിന് രണ്ട് വര്‍ഷത്തിനുശേഷം ശകുന്തളയും താനും വിവാഹിതരായെന്നും രണ്ട് വയസ്സുള്ള മകളുണ്ടെന്നും ശകുന്തള ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും കമല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒളിവില്‍ കഴിയുന്ന ശകുന്തളയെക്കൂടി കണ്ടെത്തിയാല്‍ മാത്രമേ കഴിഞ്ഞ എട്ട് വര്‍ഷമായി പൊലീസിനെ കുഴയ്ക്കുന്ന ഈ കൊലപാതകത്തിന്‍റെ അന്വേഷണം പൂര്‍ണ്ണമാകൂ...

Follow Us:
Download App:
  • android
  • ios