കുത്താട്ടുകുളം: എറണാകുളം കുത്താട്ടുകുളത്ത് ഭർത്താവിനെ വകവരുത്താൻ ഭാര്യയുടെ ക്വട്ടേഷൻ. സുഹൃത്തിന്‍റെ ഒപ്പം ജീവിക്കുന്നതിനാണ് മണ്ണത്തൂർ സ്വദേശി നിഷ ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകിയത്. നിഷയും, സുഹൃത്തും ഉൾപ്പടെ അറസ്റ്റിലായ നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
കുത്താട്ടുകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു നിഷ. 

നിഷയും സുരേഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായിരുന്നു. സുരേഷിൽ നിന്ന് മർദ്ദനം പതിവായതോടെയാണ് നാട്ടിലെ ഓട്ടോ ഡ്രൈവറായ പ്രദീഷുമായി നിഷ അടുപ്പത്തിലായത്. പ്രദീഷുമായുള്ള ജീവിതത്തിന് ഭർത്താവ് തടസ്സമാകുമെന്നായതോടെയാണ് സുരേഷിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പ്രദീഷുമായി ചേർന്ന് നിഷ ആസൂത്രണം ചെയ്യുന്നത്. 

കഴിഞ്ഞ അഞ്ചാം തിയതിയാണ് പൊലീസാണെന്ന് പറഞ്ഞ് സുരേഷിനെ പ്രദീഷും,സുഹൃത്തുക്കളായ ജസ്റ്റിനും,ലോറൻസും ചേർന്ന് വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോകുന്നത്. സംശയം തോന്നിയ സുരേഷ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്നംഗസംഘം ഭീഷണിപ്പെടുത്തി മർദ്ദിച്ചു. രാത്രി മുഴുവൻ രഹസ്യകേന്ദ്രത്തിൽ വെച്ച് ഭീഷണി തുടർന്നു. പിറ്റേന്ന് മീൻകുന്നം  പമ്പിന് സമീപം സുരേഷിനെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. 

സംഭവത്തെ തുടർന്ന് പരിഭ്രാന്തനായ സുരേഷ് സുഹൃത്തിന്‍റെ വർക്ക് ഷോപ്പിൽ ആരുമറിയാതെ കഴിയുകയായിരുന്നു. സുരേഷിനെ കാണാനില്ലെന്ന സഹോദരന്‍റെ പരാതിയിലാണ് സംഭവം പുറം ലോകം അറിയുന്നത്. സുരേഷിന്‍റെ നിരന്തരമായ ഉപദ്രവം കാരണമാണ് ക്വട്ടേഷൻ നൽകിയതെന്നാണ് നിഷ പൊലീസിന് നൽകിയ മൊഴി. സുരേഷിന്‍റെയും നിഷയുടെയും എട്ട് വയസ്സായ മകൻ നിഷയുടെ അമ്മയുടെ സംരക്ഷണത്തിലാണ്.റിമാൻഡിലായ നാല് പ്രതികളും മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി.


 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.