തെലങ്കാന: അമിത മദ്യപാനിയായ ഭര്‍ത്താവിനെ സ്വന്തം വീട്ടുകാരുടെ സഹായത്തോടെ ഭാര്യ തല്ലിക്കൊന്നു. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ സയിദ് സലീം (38) ആണ് കൊല്ലപ്പെട്ടത്. 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കടുത്ത മദ്യപാനിയായ സയിദ് സലീം, മദ്യപിച്ച ശേഷം സ്ഥിരമായി ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വര്‍ഷങ്ങളായിത്തുടരുന്ന ഈ പതിവില്‍ നിരാശയായതിനെത്തുടര്‍ന്നാണത്രേ ഭാര്യ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 

തുടര്‍ന്ന് ഇവര്‍, മാതാപിതാക്കളുടേയും ബന്ധത്തിലുള്ള രണ്ട് സഹോദരന്മാരുടേയും സഹായത്തോടെ ഞായറാഴ്ച രാവിലെയോടെ കരിംനഗറിലുള്ള വീട്ടിനകത്ത് വച്ച് സയീദ് സലീമിനെ ആക്രമിക്കുകയായിരുന്നു. വടിയും കല്ലുകളുമുപയോഗിച്ചായിരുന്നു ആക്രമണം. സയിദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും പൊലീസ് പറയുന്നു. 

വീട്ടിനകത്ത് പറ്റിയ രക്തക്കറ മുഴുവന്‍ കഴുകിവൃത്തിയാക്കിയ ശേഷം മൃതദേഹം ദൂരെ എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ഇതിനോടകം തന്നെ സംഭവം സയിദിന്റെ സഹോദരന്‍ മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതിയും നല്‍കി. പരാതി പ്രകാരം പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തതായാണ് പൊലീസ് അറിയിക്കുന്നത്.