തിരുവനന്തപുരം: 81 വയസ്സുകാരനെതിരെ വിവാഹത്തട്ടിപ്പ് പരാതിയുമായി ഭാര്യ. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ സ്ത്രീയെ വിവാഹം ചെയ്ത് പണവുമായി കടന്നുകളഞ്ഞ ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ വനിതാ കമ്മീഷനെ സമീപിച്ചു.
അറുപത്തിമൂന്നാം വയസ്സിലായിരുന്നു ഇവരുടെ വിവാഹം. 

ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹസമയത്ത് ഭര്‍ത്താവിന് 73 വയസ്സായിരുന്നു പ്രായം. മുന്‍ വിവാഹത്തിലെ ഭാര്യ മരിച്ചുപോയിയെന്നും മകള്‍ വിവാഹിതയാണെന്നുമായിരുന്നു ഭര്‍ത്താവ് ഇവരോട് പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇവര്‍ക്ക് ലഭിച്ച 15 ലക്ഷം രൂപയുമായി ഭര്‍ത്താവ് കടന്നുകളഞ്ഞെന്നാണ് സ്ത്രീയുടെ പരാതി. 

പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ക്ക് പല സ്ഥലങ്ങളിലും ഭാര്യമാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ ഏറിയപങ്കുമെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. വിവാഹശേഷം പെന്‍ഷന്‍ തുകയും വിരമിച്ചപ്പോള്‍ ലഭിക്കുന്ന തുകയും കൈക്കലാക്കി കടന്നുകളയലാണ് ഇയാളുടെ രീതിയെന്നുമാണ് പരാതിയിലെ ആരോപണം. വയനാട് സ്വദേശിയാണ് ഇയാളെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.