കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപ്പച്ചന്‍ പൊലീസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന അപ്പച്ചനെയാണ് കണ്ടെത്തിയത്. ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അപ്പച്ചന്‍ അപകട നില തരണം ചെയ്തു. കൊലപാതക കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

ഭാര്യയെ അച്ഛന്റെ മുന്നിലിട്ട് തീ കൊളുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ; 2 ലക്ഷം പിഴയും ഒടുക്കണം

ഭാര്യയെ, അവരുടെ അച്ഛന്റെ മുന്നിലിട്ട് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ, ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു (43) വിനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ രണ്ട് ലക്ഷം രൂപ പിഴയും പ്രതി നൽകണം. പിഴയടച്ചില്ലെങ്കിൽ നാല് വർഷം കൂടി തടവിൽ കഴിയണം.

നഷ്ടപരിഹാരം കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന് നൽകാനാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. 2018 ഏപ്രില്‍ 29-ാം തീയതിയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 

കോടശ്ശേരി വില്ലേജില്‍ കണ്ണോളി വീട്ടില്‍ ജീതുവും (32/2018) ബിരാജുവും തമ്മില്‍ വിവാഹ ശേഷം തർക്കം പതിവായിരുന്നു. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇരുവരും യോജിച്ച് ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി സമർപ്പിച്ചിരുന്നു. ജീതു 2018 ഏപ്രില്‍ 29 -ാം തീയതി കുണ്ടുകടവില്‍ കുടുംബശ്രീ മീറ്റിംഗിന് എത്തിച്ചേരുന്നുണ്ടെന്ന് അറിഞ്ഞാണ് പ്രതി സ്ഥലത്തെത്തിയത്.

ചെങ്ങാലൂരിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി കുപ്പികളിലാക്കിയാണ് ഇയാൾ, ജീതു കുടുംബശ്രീ മീറ്റീംഗിനു വരുന്ന വീടിനു സമീപമുള്ള പറമ്പില്‍ ഒളിച്ചിരുന്നത്. കുടുംബശ്രീ യോഗം കഴിഞ്ഞ് ഉച്ചക്ക് 2.30 യോടു കൂടി റോഡിലേക്ക് ഇറങ്ങി വന്ന ജീതുവിന്റെ ദേഹത്ത് പ്രതി കൈയ്യിൽ കരുതിയിരുന്ന പെട്രോള്‍ കുടഞ്ഞൊഴിച്ചു. പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജീതുവിനെ കൈയില്‍ കരുതിയിരുന്ന സിഗരറ്റ് ലാമ്പ് കൊണ്ട് പ്രതി തീ കൊളുത്തി.

രക്ഷപ്പെടുത്താന്‍ വന്ന ആളുകളെ പ്രതി ഭീഷണിപ്പെടുത്തി ഓടിച്ചു. ജീതുവിനൊപ്പം വന്ന അച്ഛന്‍ ജനാര്‍ദ്ദനനും മറ്റും ചേര്‍ന്ന് ജീതുവിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിലും പിന്നീട് തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും ചികിത്സിച്ചു. ഏപ്രിൽ 30 -ാം തീയതി പൊള്ളലിന്റെ കാഠിന്യത്തെ തുടർന്ന് മരണം സംഭവിച്ചു.

കൃത്യം നിര്‍വ്വഹിച്ച ശേഷം ബിരാജു ബോംബെയിലേക്ക് രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കുന്നതിനായി പ്രതി സുപ്രീം കോടതി വരെ സമീപിച്ചു. പ്രതിക്ക് ജാമ്യം നല്‍കാതെ വിചാരണ നടത്തുകയാണ് കോടതി ചെയ്തത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 35 സാക്ഷികളെ വിസ്തരിച്ചു. 65 രേഖകള്‍ തെളിവില്‍ മാര്‍ക്ക് ചെയ്തു. 11 തൊണ്ടി മുതലുകള്‍ ഹാജരാക്കപ്പെട്ടു. മരണപ്പെട്ട ജീതുവിന്റെ മരണമൊഴിയും ദൃക്‌സാക്ഷിയായ പിതാവ് ജനാര്‍ദ്ദനന്റെയും, കുടുംബശ്രീ യോഗത്തിന് വന്ന പഞ്ചായത്ത് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെയും മൊഴികള്‍ കേസില്‍ നിര്‍ണ്ണായക തെളിവുകളായി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി, അഭിഭാഷകരായ ജിഷ ജോബി, വി എസ് ദിനല്‍, എബിന്‍ ഗോപുരന്‍ എന്നിവര്‍ ഹാജരായി.