മെയ് 26 ന് ഗായത്രിയുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ എത്തിയപ്പോൾ അഞ്ച് വാടക ഗുണ്ടകൾ അവളെ കൂട്ടബലാത്സംഗം ചെയ്തു. വീഡിയോ പകർത്തി...
ഹൈദരാബാദ്: ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച സ്ത്രീ ഗുണ്ടകളെ വാടകയ്ക്കെടുത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് അതിക്രൂരകൃത്യം. ഭർത്താവിന്റെ കാമുകിയെന്ന് സംശയിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്യാനും അത് പൂർണ്ണമായും വീഡിയോയിൽ പകർത്താനുമാണ് ഇവർ ഗുണ്ടകളെ ഏർപ്പാടാക്കിയത്. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രണം നടത്തിയത്. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തുകയും പുറംലോകമറിയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വ്യാഴാഴ്ച (മെയ് 26) പടിഞ്ഞാറൻ ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗർ കോളനിയിലാണ് സംഭവം. ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയോട് പ്രതികാരം ചെയ്യാൻ മുഖ്യപ്രതി ഗായത്രി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തും യുവതിയും സുഹൃത്തുക്കളായി. യുവതി ദമ്പതികളുടെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു, കൂടാതെ 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ അവിടെ താമസിച്ചു.
എന്നാൽ, ഭർത്താവും യുവതിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ വഷളായി. ഗായത്രിയുടെ സ്വഭാവത്തിൽ മാറ്റം വന്ന് തുടങ്ങിയതോടെ യുവതി വീട്ടിൽ നിന്ന് മാറി. മെയ് 26 ന് ഗായത്രി തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അവിടെ എത്തിയപ്പോൾ അഞ്ച് വാടക ഗുണ്ടകൾ അവളെ കൂട്ടബലാത്സംഗം ചെയ്തു.
പുരുഷന്മാർ ഈ പ്രവൃത്തി ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ യുവതിയെ വിട്ടയക്കുന്നതിന് മുമ്പ്, പൊലീസിനെ സമീപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയിൽ മുഖ്യപ്രതി ഗായത്രി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
