മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൻസൂർ മദ്യപിച്ചു വന്ന് ദിവസവും തന്നെ മർദ്ദിക്കുമായിരുന്നുവെന്നാണ് രേഷ്മയുടെ മൊഴി.

തൃശ്ശൂർ: തൃശൂർ പേരിഞ്ചേരിയിൽ ഭർത്താവിനെ ഭാര്യ തലയ്ക്കു അടിച്ചു കൊന്നു (Wife Kills Husband). പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മ ബീവിയെ പൊലീസ് (Police) കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം (Murder) നടന്നത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം മൻസൂറിന്റെ മൃതദേഹം ഇവർ താമസസ്ഥലത്തിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിടാൻ രേഷ്മയെ സഹായിച്ച ധീരു എന്നയാളും പിടിയിലായിട്ടുണ്ട്.

ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഭർത്താവിനെ രേഷ്മ തന്നെ കൊന്ന് കുഴിച്ചിട്ടുവെന്ന് കണ്ടെത്തിയത്. രേഷ്മ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യാൻ രേഷ്മയെ സഹായിച്ചത് മൻസൂറിനെ ജോലിക്കാരനായ ധീരുവാണ്.

മൻസൂർ മദ്യപിച്ചു വന്ന് ദിവസവും തന്നെ മർദ്ദിക്കുമായിരുന്നുവെന്നാണ് രേഷ്മയുടെ മൊഴി. രാത്രി പന്ത്രണ്ടരയോടെയാണ് വഴക്കിനിടെ രേഷ്മ മൻസൂറിന്റെ തലയ്ക്ക് കമ്പിപ്പാര വച്ച് അടിച്ചത്. മൻസൂർ ഉടൻ മരിച്ചു. സ്വർണ്ണപ്പണിക്കാരനായിരുന്നു കൊല്ലപ്പെട്ട മൻസൂർ. ഇയാളുടെ സഹായി ധീരുവും മൻസൂറിനും ഭാര്യക്കും ഒപ്പമായിരുന്നു താമസം. കൊലപാതകത്തിന് ശേഷം മൻസൂറിന്റെ ശരീരം കുഴിച്ചിടാൻ ധീരു രേഷ്മയെ സഹായിച്ചുവെന്നാണ് മൊഴി. 

കൃത്യത്തിനു ഉപയോഗിച്ച കമ്പിപ്പാരയും കൈക്കോട്ടും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ചേർപ്പു പോലീസിൽ പരാതി നൽകിയിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതോടെ ആണ് രേഷ്മ ഭയന്ന് കുറ്റം സമ്മതിച്ചത്. മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കുമെന്ന് പൊലീസ് അറിയിച്ചു.