ബെംഗളൂരു: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് നിരവധി തവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ നാടുവിട്ടെന്നും പരാതി നല്‍കി യുവതി. ബെഗളൂരു സ്വദേശിയായ യുവതിയാണ് സുഹൃത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കബളിപ്പിച്ച് മുങ്ങിയെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ബാംഗ്ലൂര്‍ മിററാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

23-കാരിയായ യുവതി സോഷ്യല്‍ മീഡിയ വഴിയാണ് 26-കാരനായ ഷാഫി എന്ന യുവാവിനെ  പരിചയപ്പെടുന്നത്. 2018-ല്‍ പരിചയപ്പെട്ട ഇവര്‍ പിന്നീട് സുഹൃത്തുക്കളായി. ഇരുവരും പലതവണ നേരില്‍ കാണുകയും ചെയ്തു.  വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം  നിരവധി തവണ പീഡിപ്പിച്ച യുവാവ് പിന്നീട് ഗര്‍ഭിണിയായപ്പോള്‍ കബളിപ്പിച്ച് കടന്നുകളഞ്ഞെന്നും പരാതിയില്‍ പറയുന്നു.

ഗര്‍ഭിണിയാണെന്ന് മനസ്സിലായപ്പോള്‍ യുവാവിനെ പല തവണ ഫോണ്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് യുവതി ഇയാളുടെ സഹോദരനെയും ബന്ധുവിനെയും വിളിച്ച് കാര്യങ്ങള്‍ തുറന്നുപറഞ്ഞെങ്കിലും ഇരുവരും യുവതിയെ അസഭ്യം പറയുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഫിക്കും ഇയാളുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  ലൈംഗിക പീഡനവും വഞ്ചനാക്കുറ്റവുമാണ് ഷാഫിക്കെതിരെ ചുമത്തിയത്