ബെംഗളൂരു: താന്‍ നടത്തുന്ന മോഷണം പൊലീസിനെ അറിയിക്കുമെന്ന് ഭയന്ന്  44 കാരിയായ സ്ത്രീ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി. ബന്നാർഗട്ടയിൽ താമസിക്കുന്ന മഞ്ജുളയാണ് ഭർത്താവ് ശങ്കറിനെ കൊല്ലാൻ സുഹൃത്തുമായി ചേർന്ന്  ഒരു ലക്ഷം രൂപയ്ക്ക്  ക്വട്ടേഷൻ നൽകിയത്. നഗരത്തിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന ശങ്കർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ആദ്യമേ സംശയുമണ്ടായിരുന്നെങ്കിലും മഞ്ജുളയുടെ ഫോൺകോൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതിൽ അവർക്കുള്ള പങ്ക് ഉറപ്പിക്കാനായതെന്ന് ശങ്കർ പൊലീസിനോട് പറഞ്ഞു.

ജോലികഴിഞ്ഞ് ഇരു ചക്രവാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന ശങ്കറിനെ കാറിൽ പിന്തുടർന്ന ക്വട്ടേഷൻ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ശങ്കറിനെ ആളുകൾ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. മഞ്ജുളയുടെ സുഹൃത്തും അകന്ന ബന്ധുവുമായ ചലുവസ്വാമി(44)യുമായി ചേർന്നാണ് മഞ്ജുള പദ്ധതി ആസൂത്രണം ചെയ്തത്.

ഇരുവരും ചേർന്ന് കുറച്ചുകാലങ്ങളായി നഗരത്തിന്‍റെ പല ഭാഗങ്ങളിലായി കവർച്ചകൾ നടത്തിവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രത്യേകിച്ച് പ്രായമായവർ മാത്രം താമസിക്കുന്ന വീടുകൾ ലക്ഷ്യമിട്ടായിരുന്നു കവർച്ച. കവർച്ച മുതൽ കൊണ്ട് വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു നടക്കുന്ന മഞ്ജുളയെ ഭർത്താവ് ചോദ്യം ചെയ്യുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും വഴങ്ങാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുമെന്നറിയിക്കുകയുമായിരുന്നു.

ഇതോടെ മഞ്ജുള പിന്നീട് ചലുവസ്വാമിയുമായി ചേർന്ന് ശങ്കറിനെ കൊല്ലാൻ ഇയാളുടെ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകുകയും ചെയ്തു. സംഭവത്തിൽ ശങ്കർ പരാതി നൽകിയതിനെ തുടർന്ന് മഞ്ജുള, ചലുവസ്വാമി, മഞ്ജുനാഥ്, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ മഞ്ജുളയും ചലുവസ്വാമിയും ചേർന്ന് കവർച്ച നടത്തിയ 7.2 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തതായും  സംഭവത്തിൽ കേസെടുത്ത ബന്നാർഗട്ട പൊലീസ് പറഞ്ഞു.