കിളിമാനൂര്‍: ബന്ധുവിന്‍റെ കുഞ്ഞിനെ വില്‍ക്കാനായി കടത്തിക്കൊണ്ടു പോയ യുവതി പിടിയില്‍. എറണാകുളത്ത് ഹോംനഴ്സ് കൂടിയായ തെന്നൂര്‍ സ്വദേശി അംബികയാണ് പിടിയിലായത്. ഇവരുടെ ബന്ധുവിന്‍റെ മൂന്നു വയസ്സുള്ള ആണ്‍കുട്ടിയെ സ്വര്‍ണാഭരണം വാങ്ങി നല്‍കാമെന്ന വ്യാജേനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ അംബികയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍  ഇവര്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഫോണ്‍ സ്വിറ്റ്ച്ച്ഡ് ഓഫ് ആയി. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ്  നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിനില്‍ സഞ്ചരിക്കുകയാണെന്ന് വ്യക്തമായി.  പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ റെയില്‍വേ പൊലീസ് തൃശൂരില്‍ നിന്നും പിടികൂടുകയായിരുന്നു. കുട്ടിയെ വില്‍ക്കാനാണ് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.