ദില്ലി: പൊലീസ് വേഷത്തിലെത്തി, കൊവിഡ് നിയന്ത്രണം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വ്യാജ രസീത് നല്‍കി പിഴ ചുമത്തിയ 20 കാരിയെ ദില്ലിയില്‍ പിടികൂടി. ദില്ലിയിലെ തിലക് നഗറിലാണ് സംഭവം. നംഗോളി സ്വദേശിയായ തമന്ന ജഹാന്‍ എന്ന 20കാരിയെയാണ് അറസ്റ്റ് ചെയ്തത്. ജോലി ഇല്ലാത്തതിനാല്‍ പണം കണ്ടെത്താന്‍ എളുപ്പവഴിയായാണ് ഇവര്‍ ഈ പ്രവര്‍ത്തി തുടര്‍ന്നത്. 

പൊലീസ് വേഷം ധരിക്കുകയും വ്യാജ രസീത് നല്‍കി ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയുമായിരുന്നു യുവതി. മാസ്‌ക് ധരിക്കാതിരിക്കുകയും സാമൂഹികാകലം പാലിക്കാതിരിക്കുകയും ചെയ്തവരില്‍നിന്നാണ് പിഴ ചുമത്തിയത്. 

ബുധനാഴ്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ സുമര്‍ സിംഗ് പട്രോളിംഗ് നടത്തുന്നതിനിടെ തിലക് നഗറില്‍ ഒരു വനിതാ പൊലീസ് കൊവിഡ് നിയന്ത്രണം പാലിക്കാത്തവരെ തടഞ്ഞുനിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.  

സംശയം തോന്നി മറ്റൊരു പൊലീസുകാരനെ വേഷം മാറി സംഭവസ്ഥലത്തേക്ക് അയച്ചു. കോണ്‍സ്റ്റബില്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പരിഭ്രാന്തയാവുകയും രേഖകള്‍ നല്‍കാതിരിക്കുകയും ചെയ്തു.

പൊലീസുകാര്‍ ചോദ്യം ചെയ്തതോടെ തന്റെ ദരിദ്ര കുടുംബത്തിന്റെ ദുരിതം മാറാന്‍ ആണ് ഈ വേഷം കെട്ടിയതെന്ന് യുവതി പറഞ്ഞു. ബന്ധുക്കളെ എതിര്‍ത്ത് ഈ അടുത്തായി ഇവര്‍ വിവാഹം കഴിച്ചിരുന്നു. ഇതുവരെ ജോലി യൊന്നും ശരിയായിട്ടില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു.