ദില്ലി: പിറന്നാളാഘോഷിക്കാന്‍ ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി. 33 കാരിയെ 21കാരനായ സുഹൃത്ത് വിക്കി മന്ന് ആണ് കൊലപ്പെടുത്തിയത്. വിക്കിക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാനാണ് യുവതി ദില്ലിയില്‍ ഒയോ ഹോട്ടല്‍ റൂം ബുക്ക് ചെയ്തത്. യുവതിയെ തിങ്കളാഴ്ച രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപ്പെടുത്തിയതിന് ശേഷം സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് ഇയാളെ അലിപൂരില്‍ വച്ച് പൊലീസ് പിടികൂടി. 

ഒരുമിച്ച് മദ്യപിച്ചുകൊണ്ടിരിക്കെ യുവതി കാരണമൊന്നുമില്ലാതെ തന്‍റെ മുഖത്തടിച്ചുവെന്നും അപ്പോള്‍ താന്‍ തിരിച്ചടിച്ചുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ യുവതി ഇയാള്‍ക്ക് നേരെ മദ്യക്കുപ്പി വലിച്ചെറിഞ്ഞു. കുപ്പി ഇവര്‍ക്ക് മുന്നില്‍ വാണ് ചിതറി. ഇതോടെ ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒലിക്കുന്ന നിലയില്‍ കിടക്കയിലാണ് യുവതിയുടെ മൃതദേഹം കിടന്നിരുന്നത്. ഹോട്ടല്‍ മുറിയില്‍ രക്തമൊലിച്ച് കിടക്കുന്ന സ്ത്രീയെ കണ്ടെത്തിയതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആഈശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഹോട്ടലില്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മരണം ബന്ധുക്കളെ അറിയിച്ചു. ഇവര്‍ മറ്റൊരാളെ വിവാഹം ചെയ്തതാണെന്നും ഇരുവര്‍ക്കും രണ്ട് മക്കളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ആറോ ഏഴോ തവണ യുവതിയും സുഹൃത്തും ഈ ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ''തിങ്കളാഴ്ച രാത്രിയില്‍ ഇവര്‍ ടിവിയില്‍ ഉറക്കെ പാട്ടുവച്ചിരുന്നു.  ഞങ്ങളുടെ സ്ഥിരം വിസിറ്റേഴ്സ് ആയതിനാല്‍ അത് കാര്യമാക്കിയില്ല. ഇരുവരും പിറന്നാള്‍ ആഘോഷിക്കാനാണ് എത്തിയതെന്ന് അറിയാമായിരുന്നു''- ജീവനക്കാര്‍ വ്യക്തമാക്കി. 

അര്‍ദ്ധരാത്രിയില്‍ വിക്കി റൂമില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു. താന്‍ വീട്ടിലേക്ക് പോകുകയാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും അയാള്‍ പറഞ്ഞു. അയാളുടെ സുഹൃത്ത് മുറിയിലുണ്ടെന്നും വിക്കി പറഞ്ഞതായി ജീവനക്കാര്‍ അറിയിച്ചു. മാസ്റ്റര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് യുവതി രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.