Asianet News MalayalamAsianet News Malayalam

തിഹാര്‍ ജയിലില്‍ കാമുകനെ കാണാന്‍ ഉദ്യോഗസ്ഥരെ പറ്റിച്ച് യുവതിയെത്തിയത് നാല് തവണ; അന്വേഷണത്തിന് ഉന്നത കമ്മിറ്റി

കൊലപാതക കുറ്റക്കില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കാമുകന്‍ തന്നെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഒടുവില്‍ ജയിലിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Woman breaches Tihar security to meet lover
Author
New Delhi, First Published Aug 14, 2019, 3:52 PM IST

ദില്ലി: രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള തിഹാര്‍ ജയിലിലെ അതി സുരക്ഷ സെല്ലില്‍ കഴിയുന്ന കാമുകനെ കാണാന്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവതിയെത്തി. എന്‍ജിഒ വര്‍ക്കര്‍ എന്ന വ്യാജേനയാണ് കാമുകനെ കാണാന്‍ യുവതി എത്തിയത്. നാല് ദിവസമാണ് സുരക്ഷ ജീവനക്കാരെ പറ്റിച്ച് യുവതി ജയിലില്‍ എത്തിയത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കാമുകന്‍ തന്നെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഒടുവില്‍ ജയിലിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രാജേഷ് ചോപ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി ചൊവ്വാഴ്ച അന്വേഷണം ആരംഭിച്ചു. സെല്‍ നമ്പര്‍ രണ്ടിലെ സൂപ്രണ്ട് റാം മെഹറുമായി സൗഹൃദ ബന്ധമുണ്ടാക്കിയ ശേഷമാണ് യുവതി അകത്ത് പ്രവേശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  

ജയിലില്‍ കഴിയുന്ന യുവതിയുടെ കാമുകന്‍ ഹേമന്ത് ഗാര്‍ഗാണ് ആസൂത്രണത്തിന് പിന്നില്‍. ജീവപര്യന്തം തടവില്‍ കഴിയുന്ന ഹേമന്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി റാം മെഹറിന്‍റെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജയിലില്‍ ജോലി ചെയ്യുകയാണ്. ഇരുവരും നല്ല സൗഹൃദത്തിലാണ്. ഈ സൗഹൃദം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ജയില്‍ സൂപ്രണ്ട് ഹേമന്തിനെ കണ്ണടച്ച് വിശ്വസിച്ചതാണ് വീഴ്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഔദ്യോഗിക ആവശ്യത്തിനുള്ള കമ്പ്യൂട്ടര്‍ ഹേമന്ത് സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിരുന്നു. മെഹറിന്‍റെ കമ്പ്യൂട്ടറില്‍ രഹസ്യ സ്വഭാവമുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. അധോലോക രാജാവ് ഛോട്ടാ രാജന്‍, മുന്‍ എംപി മുഹമ്മദ് സൊഹറാബുദ്ദീന്‍, ദില്ലി ഗാങ് നേതാവ് നീരജ് ബാവന എന്നിവരെ പാര്‍പ്പിച്ചത് സെല്‍ നമ്പര്‍ രണ്ടിലായിരുന്നു. 
 

Follow Us:
Download App:
  • android
  • ios