ബെംഗളൂരു: ബിഎംടിസി വനിതാ കണ്ടക്ടറുടെ നേർക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ആസിഡാക്രമണം നടത്തിയതായി പരാതി. തുമകൂരു സ്വദേശിയായ ഇന്ദിരയാണ് (35) ആക്രമണത്തിനിരയായത്. മുഖത്തും കഴുത്തിലും പിറകിലും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കൃത്യം നടത്തിയ യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും ബന്ധുക്കളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.  ആരോഗ്യനില മെച്ചപ്പെട്ടാൽ യുവതിയെയും ചോദ്യം ചെയ്യുമെന്നും പീനിയ പോലീസ് പറഞ്ഞു.  

ആറുമാസം മുൻപും യുവതിക്കെതിരെ ആക്രമണം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടു പേർ വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ബിഎംടിസി പീനിയ ഡിപ്പോയിലെ ബസുകളിൽ പത്തുവർഷത്തോളമായി കണ്ടക്ടറായി ജോലി ചെയ്യുന്ന ഇന്ദിര ഭർത്താവിനും മക്കൾക്കുമൊപ്പം പീനീയയിലാണ് താമസം.