ശനിയാഴ്ച വൈകീട്ട് കുഞ്ഞുമായി വീടിന് പുറത്തിറങ്ങിയ യുവതി, തനിക്ക് കുഞ്ഞിനെ ഇഷ്ടമല്ലെന്ന് ഭര്‍ത്താവിന്‍റെ സഹോദരിയോട് പറഞ്ഞ് വീടിന് മുന്നിലെ കിണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു
ബെംഗളൂരു: കര്‍ണ്ണാടകയില്‍ അമ്മ പ്രസവിച്ച് പത്ത് ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. സുള്ള്യ താലൂക്കിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ പവിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍തൃ സഹോദരി നല്‍കിയ പരാതിയിലാണ് നടപടി. പെണ്‍കുഞ്ഞ് പിറക്കാത്തതിലുള്ള നിരാശയിലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഒക്‌ടോബർ 19ന് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ചാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഗര്‍ഭിണിയായിരുന്ന സമയം മുതല്‍ തനിക്ക് പെണ്‍കുഞ്ഞ് പിറക്കണമെന്നാണ് പവിത്ര ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആണ്‍കുഞ്ഞ് പിറന്നതോടെ യുവതി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രസവശേഷം യുവതി അസ്വസ്ഥയായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാൽ പോലും നൽകിയില്ലെന്നുമാണ് ആശുപത്രി അധികൃതരും പറയുന്നത്. വൃത്തങ്ങൾ അറിയിച്ചു.
പത്ത് ദിവസം മുമ്പാണ് യുവതി പ്രസവിച്ചത്. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയെങ്കിലും യുവതി നിരാശയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് കുഞ്ഞുമായി വീടിന് പുറത്തിറങ്ങിയ യുവതി, തനിക്ക് കുഞ്ഞിനെ ഇഷ്ടമല്ലെന്ന് ഭര്‍ത്താവിന്‍റെ സഹോദരിയോട് പറഞ്ഞ് വീടിന് മുന്നിലെ കിണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. ഉടനെ തന്നെ ഭര്‍തൃസഹോദരി അയല്‍വാസികളെയും സഹോദരനെയും വിളിച്ച് വരുത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. ഉടനെ തന്നെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.
തുംകുരു ജില്ലയിലെ ഷിറ താലൂക്കിലെ മണികണ്ഠയാണ് പവിത്രയുടെ ഭര്‍ത്താവ്. ബംഗളൂരു സ്വദേശിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം ഒരു വർഷം മുമ്പാണ് പവിത്ര മണികണ്ഠനെ വിവാഹം കഴിച്ചത്. അതേസമയം ഭര്‍തൃ സഹോദരിയുടെ പരാതിയില്‍ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Read More : മനുഷ്യന്‍റെ തല കടിച്ചുകൊണ്ട് ഓടുന്ന നായ; പേടിപ്പെടുത്തുന്ന വീഡിയോ പ്രചരിക്കുന്നു
