Asianet News MalayalamAsianet News Malayalam

സ്ത്രീധനത്തിന്റെ പേരിൽ 13 വർഷം പീഡനം; മകളുടെ മരണം കൊലപാതകമെന്ന് പിതാവ്

''പണം കൊടുക്കാൻ  സാധിക്കാതെ വന്നപ്പോൾ അവന്റെ മാതാപിതാക്കളായ അനിലും ശങ്കരിയും മകളെ ക്രൂരമായി മർദ്ദിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അവളെ അടിച്ച് അവശയാക്കിയതിന് ശേഷം വായിൽ വിഷം ഒഴിച്ചു കൊടുക്കുകയായിരുന്നു.'' ശരത് മൊണ്ടാൽ പറയുന്നു. 

woman killed after thirteen years of marriage for dowry
Author
Kolkata, First Published Feb 22, 2020, 10:37 AM IST

ബം​ഗാൾ:  വീട്ടമ്മയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ വിഷം കഴിച്ച് ‌മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. 33 വയസ്സുള്ള ജ്യോത്സന മൊണ്ടാൽ ആണ് മരിച്ചത്. പതിമൂന്ന് വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ സ്ത്രീധനത്തിന്റെ പേരിൽ ഇവർ നിരന്തരം പീഡനമനുഭവിച്ചിരുന്നതായി യുവതിയുടെ പിതാവ് ആരോപിച്ചു. ബം​ഗാളിലെ മാൾഡ ജില്ലയിലെ ബൈഷ്നബ് നഗർ പ്രദേശത്തെ നന്ദലാൽപൂർ ഗ്രാമത്തിലാണ് സംഭവം. സ്ത്രീധന കൊലയുടെ പേരിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ജ്യോത്സനയുടെ ഭർത്താവ് ബിക്രം മൊണ്ടാൽ കൂലിപ്പണിക്കാരനാണ്. 

പണത്തിന് വേണ്ടി മരുമകൻ എന്റെ മകളെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങൾ ഞങ്ങൾ പല തവണ നിറവേറ്റിയിട്ടുണ്ട്. എന്നാൽ അവർ പറഞ്ഞ കാര്യങ്ങൾ സാധിച്ചു കൊടുക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മകൾക്ക് കൂടുതൽ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.  പ്രശ്നം പരിഹരിക്കാൻ ​ഗ്രാമത്തിലെ മുതിർന്ന ആളുകൾ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. യുവതിയുടെ പിതാവ് ശരത് മൊണ്ടാൽ പറഞ്ഞു. അടുത്തിടെ മകളുടെ ഭർത്താവ് അന്യസംസ്ഥാനത്തെവിടെയോ ജോലിക്ക് പോയിരിക്കുകയാണ്. അയാൾ എവിടെയാണെന്ന് ഞങ്ങൾക്കറിയില്ല. മകളെ വിളിച്ച് 7000 രൂപ ആവശ്യപ്പെട്ടിരുന്നു. പണം കൊടുക്കാൻ  സാധിക്കാതെ വന്നപ്പോൾ അവന്റെ മാതാപിതാക്കളായ അനിലും ശങ്കരിയും മകളെ ക്രൂരമായി മർദ്ദിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അവളെ അടിച്ച് അവശയാക്കിയതിന് ശേഷം വായിൽ വിഷം ഒഴിച്ചു കൊടുക്കുകയായിരുന്നു. ശരത് മൊണ്ടാൽ പറയുന്നു. 

അബോധാവസ്ഥയിലാണ് മകളെ മാൽഡ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതെന്നും അയൽക്കാരാണ് തങ്ങളെ വിവരം അറിയിച്ചതെന്നും ശരത് മൊണ്ടാൽ വ്യക്തമാക്കുന്നു. ആശുപത്രിയിൽ വച്ചാണ് ജ്യോത്സന മരിച്ചത്. ആ സമയത്ത് ഭർത്താവിന്റെ വീട്ടുകാർ ആരും അടുത്തുണ്ടായിരുന്നില്ലെന്നും പിതാവ് കൂട്ടിച്ചേർക്കുന്നു. ബിക്രമിന്റെ മാതാപിതാക്കൾക്കെതിരെ ബൈഷ്നാബ് നഗർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയതായി ശരത് മൊണ്ടാൽ വെളിപ്പെടുത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios