അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവിനെ കൊന്ന് കിടപ്പറയില്‍ കുഴിച്ചിട്ട് പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങി ഭാര്യ. 30 കാരനായ സഞ്ജിത്ത് റിയാംഗ് എന്നയാളെയാണ് 25കാരിയായ ഭാര്യ ഭാരതി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് ഭാരതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കിടപ്പറയില്‍ തന്നെ കുഴിച്ചിട്ടു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

ഭാരമുളള വടിവച്ച് തലക്കടിച്ചാണ് സഞ്ജിത്തിനെ ഭാരതി കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഗണ്ടച്ചെറയെന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ ഭാരതി എന്തിന് സഞ്ജിത്തിനെ കൊന്നുവെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും ആറ് വയസ്സുള്ള മകളുണ്ട്.