കോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹായത്തോടെ ഭർത്താവിനെ യുവതി കുത്തിക്കൊന്നു. രാജസ്ഥാനിലെ കോട്ടയിൽ പ്രേം നഗർ പ്രദേശത്താണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് ഇത് നടന്നത്. മഹാവീർ ഭൈരവ (27) ആണ് കൊല്ലപ്പെട്ടത്.  24 കാരിയായ ഭാര്യ യശോദയും, ഇവരുടെ രണ്ട് മക്കളും, 17 കാരിയായ സഹോദരിയും പൊലീസിനോട് പറഞ്ഞത് മറ്റൊരു കഥയാണ്. മൂന്ന് പേർ വീടിനകത്ത് അതിക്രമിച്ച് കടന്ന് ഭൈരവയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു ഇത്. പിന്നീട് വീട്ടിലുണ്ടായിരുന്ന 18000 രൂപയുമായി സംഘം കടന്നുവെന്നും ഇവർ പറഞ്ഞു.

എന്നാൽ അടുക്കളയിൽ നിന്നും മഹാവീറിന്റെ മൃതദേഹം കിടന്ന സ്ഥലം വരെ മുളകുപൊടി ഉണ്ടായിരുന്നതും യശോദയുടെ കൈയ്യിൽ കടിയേറ്റ പാട് കണ്ടതും പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനൊത്ത് ജീവിക്കാൻ വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ പറഞ്ഞത്. കേസിൽ ഓം പ്രകാശ് ഭൈരവ എന്ന 23 കാരനെയും യശോദയെയും ഇവരുടെ സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് പേരും നിരവധി തവണ മഹാവീറിന്റെ ശരീരത്തിൽ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് വിവരം. മുൻപും മഹാവീറിനെ വധിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടുവെന്ന് പ്രതികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുനൽകി.