കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി. മൂന്ന് വയസ്സുകാരി കാവ്യയെ കൊലപ്പെടുത്തിയ കേസിൽ അഞ്ജലിയെന്ന റിസപ്ഷനിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയ്പൂർ: അമ്മ ഉറക്കിക്കിടത്തിയ ശേഷം വെള്ളത്തിലെറിഞ്ഞ് കൊന്ന കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കുഞ്ഞിന്‍റെ അമ്മയായ 28കാരി അഞ്ജലി സിങ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളാണ് നടന്നത് കൊലപാതകമാണെന്ന സൂചന പൊലീസിന് നൽകിയത്. മൂന്ന് വയസ്സുകാരി കാവ്യയെ കൊലപ്പെടുത്തിയ കേസിൽ അഞ്ജലിയെന്ന റിസപ്ഷനിസ്റ്റിനെ അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ അജ്മീറിലെ അന സാഗർ ജലാശയത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്ക് പട്രോളിംഗിനിടെയാണ് പൊലീസ് അഞ്ജലിയെ പരിഭ്രമിച്ച നിലയിൽ കണ്ടത്. ചോദിച്ചപ്പോൾ രാത്രി മകൾ കാവ്യയോടൊപ്പം നടക്കാനിറങ്ങിയതാണെന്നും വഴിയിൽ വച്ച് കുഞ്ഞിനെ കാണാതായെന്നും തിരയുകയാണെന്നും പറഞ്ഞു. അഞ്ജലിയുടെ വാക്കുകളിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് തടാകത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അഞ്ജലി പല തവണ കാവ്യയുടെ കൈ പിടിച്ച് തടാകത്തിനരികെ നടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ പുലർച്ചെ 1.30ന് ശേഷമുള്ള ദൃശ്യങ്ങളിൽ അഞ്ജലി മാത്രമേയുള്ളൂ. ഒപ്പം കുഞ്ഞില്ലായിരുന്നു. മറ്റൊരു ദൃശ്യത്തിൽ ആരെയോ ഫോണിൽ വിളിക്കുന്നതും കണ്ടു.

ഫോണിൽ വിളിച്ചത് ലിവ് ഇൻ പാർട്ണായ അൽകേഷിനെയാണെന്ന് അഞ്ജലി പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അഞ്ജലി തന്നെ വിളിച്ചു പറഞ്ഞതെന്ന് അൽകേഷ് മൊഴി നൽകി. തുടർന്ന് താനും കുഞ്ഞിനെ തിരയാൻ ജലാശയത്തിനരികെ വന്നുവെന്ന് അൽകേഷ് പറഞ്ഞു. എന്നാൽ അഞ്ജലിയുടെ വാക്കുകളിൽ പൊരുത്തക്കേടുകൾ തോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തു. ഇതോടെ കുഞ്ഞിനെ ഉറക്കിയ ശേഷം താൻ തടാകത്തിലേക്ക് എറിയുകയായിരുന്നുവെന്ന് അഞ്ജലി കുറ്റസമ്മതം നടത്തി. കാവ്യ തന്‍റെ ആദ്യ വിവാഹത്തിലെ കുട്ടിയായിരുന്നുവെന്നും അവളെ അംഗീകരിക്കാൻ അൽകേഷ് തയ്യാറായില്ലെന്നും അഞ്ജലി പറഞ്ഞു. അതിനാലാണ് കൊലപ്പെടുത്തിയതെന്നും അഞ്ജലി പറഞ്ഞു. അഞ്ജലിയും അൽകേഷും ഒരേ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. ലിവ് ഇൻ പാർട്ണറെ കുറിച്ച് കാവ്യ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.