മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച 21 കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് യുവാവ്. മുംബൈയിലാണ് സംഭവം. എന്നാൽ യുവതി അപകടത്തിൽ നിന്ന് തലനാരിഴയ്തക്ക് രക്ഷപ്പെടുകയായിരുന്നു. മുംബൈയിലെ ഖർ റെയിൽവെ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കണ്ടെത്തി. സുമേധ് ജാധവ് ആണ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വഡാല സ്വദേശിയായ ഇയാൾ യുവതിയെ തള്ളിയിട്ട ഉടൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. 

അന്ധേരിയിൽ നിന്ന് ട്രെയിൻ കയറിയത് മുതൽ ഇയാൾ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. സഹായത്തിനായി ഖർ റെയിൽവെ സ്റ്റേഷനിലെത്താൻ പെൺകുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഖർ റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ പെൺകുട്ടി അമ്മയോടൊപ്പം പോകാനൊരുങ്ങിയെങ്കിലും ഇയാൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. 

തന്റെ കൂടെ ചെല്ലണമെന്നും തന്നെ വിവാഹം കഴിക്കണമെന്നതുമായിരുന്നു ഇയാളുടെ ആവശ്യം. വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് പിന്നാലെ പാഞ്ഞ ഇയാൾ പിന്നീട് തിരിച്ചുവന്നു.പിന്നീട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുളള വിടവിലേക്ക് യുവതിയെ തള്ളിയിടാൻ ശ്രമിച്ചു. 

യുവതിയുടെ അമ്മ പ്രതിരോധിച്ചെങ്കിലും പിടി വലിയിൽ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇയാൾ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. 12 തുന്നലുകളാണ് യുവതിയുടെ തലയിലുളളത്. പൊലീസ് സുമേധിനെ പിടികൂടി കോടതിയിൽ ഹാജരാക്കി. അവിടെ നിന്ന് കസ്റ്റഡിയിൽ വിട്ടു.