അമ്മയുടെ മരണത്തില്‍ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന് സന്ദീപ് ലോഖണ്ഡെയ്ക്ക് തോന്നിയെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

മുംബൈ: അമ്മായിയമ്മയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. സന്ദീപ് ലോഖണ്ഡെ എന്നായാളാണ് തന്റെ അമ്മയുടെ മരണത്തിൽ സന്തോഷിച്ചെന്ന സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയത്. ശുഭാംഗി ലോഖണ്ഡെ(35) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ അപാത്തെനഗറിൽ മാർച്ച് ഒമ്പതിനാണ് സംഭവം. 

സന്ദീപ് ലോഖണ്ഡെയുടെ അമ്മയാണ് മാലതി ലോഖണ്ഡെ(70). മാർച്ച് ഒമ്പതിനാണ് മാലതി മരിക്കുന്നത്. അമ്മയുടെ മരണത്തില്‍ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന് സന്ദീപ് ലോഖണ്ഡെയ്ക്ക് തോന്നുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടാണ് സന്ദീപ് ശുഭാംഗിയെ കൊന്നത്. സംഭവത്തിൽ സന്ദീപ് ലോഖണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദുഃഖിതയായ മരുമകള്‍ രണ്ടാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു മാധ്യമങ്ങളെല്ലാം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശുഭാംഗിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് സന്ദീപിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 

ശനിയാഴ്ചയായിരുന്നു അമ്മ മരിച്ചത്. അന്നേ ദിവസം ശുഭാംഗി വളരെയധികം സന്തോഷവതിയായിരുന്നു. അവൾക്ക് ഉള്ളിലെ വികാരം മറച്ച് വയ്ക്കാൻ കഴിഞ്ഞില്ല. ഈ പെരുമാറ്റം സന്ദീപിനെ കോപാകുലനാക്കുകയും ആ ദിവസവും തന്നെ ശുഭാം​ഗിയെ കൊല്ലുകയുമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സന്ദീപ് വെളിപ്പെടുത്തിയതായി ജുനാ രാജ് വാഡാ പൊലീസ് പറഞ്ഞു.