ജയ്‌പൂര്‍: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അര്‍ധനഗ്നാവസ്ഥയിലുള്ള മൃതദേഹം നൂല്‍ക്കമ്പികള്‍ കൊണ്ട്‌ കെട്ടിയനിലയിലാണുള്ളത്‌.

രാജസ്ഥാനിലെ കോത്തയിലുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ പിന്നിലാണ്‌ മൃതദേഹമടങ്ങിയ ബാഗ്‌ കണ്ടെത്തിയത്‌. മൂന്നു ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ്‌ ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതില്‍ നിന്ന്‌ ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ്‌ ബാഗ്‌ പരിശോധിച്ചതും മൃതദേഹം കണ്ടതും.

അടിവയറ്റില്‍ വെട്ടേറ്റ നിലയിലാണ്‌ മൃതദേഹം. പ്രഥമദൃഷ്ട്യാ ഇരുപതിനടുത്ത്‌ പ്രായമുള്ള യുവതിയുടേതാണ്‌ മൃതദേഹമെന്നും പൊലീസ്‌ പറഞ്ഞു. മൃതദേഹമിപ്പോള്‍ കോത്തയിലെ എംബിഎസ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.