അവ‍ർ എനിക്ക് മയക്കുമരുന്ന് നൽകി. ഇതോടെ സ്വബോധം നഷ്ടപ്പെട്ടു. അവിടെ ന​ഗ്നരായ രണ്ട് പേർ ഉണ്ടായിരുന്നു...

ദില്ലി: ദില്ലിയിലെ (Delhi) മസാജ് പാ‍ർലറുകൾ (Massage Parlour) കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകളിൽ (Sex Racket) നിന്ന് 27 കാരിയെ മോചിപ്പിച്ച് ദില്ലി വനിതാ കമ്മീഷൻ (Delhi Commission For Women). ദില്ലി പൊലീസിന്റെ സഹായത്തോടെയാണ് 27 കാരിയെ രക്ഷപ്പെടുത്തിയത്. മസാജ് പാ‍ർലർ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ വച്ച് യുവതിയ്ക്ക് നേരെ ബലാത്സം​ഗ ശ്രമമുണ്ടായെന്നും വനിതാ കമ്മീഷന് പരാതി ലഭിച്ചിരുന്നു. പരാതി കിട്ടിയതിന് പിന്നാലെ വനിതാ കമ്മീഷൻ പൊലീസുമായി സംഭവസ്ഥലത്തെത്തി, സ്ത്രീയെ മോചിപ്പിച്ചു. 

ജോലി തേടിയാണ് താൻ ​മസാജ് പാ‍ർലറിലെത്തിയതെന്ന് മോചിപ്പിക്കപ്പെട്ട യുവതി പറഞ്ഞു. ആസാദ്പൂരിലെ നീതിക ടവറിലുള്ള ​ഗേറ്റ്‍വേ മസാജ് പാ‍ർലറിനെതിരെയായിരുന്നു പരാതി. ''അവ‍ർ എനിക്ക് മയക്കുമരുന്ന് നൽകി. ഇതോടെ സ്വബോധം നഷ്ടപ്പെട്ടു. അവിടെ ന​ഗ്നരായ രണ്ട് പേർ ഉണ്ടായിരുന്നു. അവിടെ വച്ച് ആരോ എന്നെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു'' - രക്ഷപ്പെട്ട യുവതി വനിതാ കമ്മീഷനോട് പറഞ്ഞു. 

സംഭവത്തിൽ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോ‍ർട്ട് സമർപ്പിക്കാൻ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിന് നിർദ്ദേശം നൽകി. സെക്സ് റാക്കറ്റിന്റെ കേന്ദ്രമായ മസാജ് പാ‍ർലർ സീൽ ചെയ്യാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മസാജ് പാർലറുകളും സ്പാകളും കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ പ്രവ‍ർത്തിക്കുന്നുണ്ടെന്ന വിഷയം നേരത്തെ മുതൽ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി റാക്കറ്റുകളെ ഞങ്ങൾ തകർത്തു. ഇനിയും ദില്ലിയിൽ ആയിരക്കണക്കിന് മസാജ്പാ‍ർലറുകളിൽ സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും മലിവാൾ പറഞ്ഞു. ഈ സം​ഗത്തിന്റെ പിന്നിലെ പ്രധാനികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.