തിരുവല്ല: ഭര്‍തൃമാതാവിനെ കുത്തികൊലപ്പെടുത്തിയ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് തിരുവല്ല നിരണം കൊമ്പങ്കേരിയില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊമ്പങ്കേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മയെയാണ് മകന്‍റെ ഭാര്യ ലിൻസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. അമ്മയെ കുത്തുന്നതിനു മുമ്പ് ലിൻസി തന്നെയും ആക്രമിച്ചതായി മകൻ ബിജി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, തിങ്കൾ വൈകിട്ട് ഡോക്ടറെ കണ്ട് മടങ്ങിവരും വഴി ഓട്ടോയിൽ വച്ച് ഭർത്താവ് ബിജിയുമായി ലിൻസി വഴക്കുണ്ടാക്കിയിരുന്നു. വീട്ടിലെത്തിയപ്പോഴും തർക്കം തുടർന്നു. തുടര്‍ന്ന് രാത്രി എട്ടരയോടെ ബിജിയെ  ലിൻസി കത്രികകൊണ്ട്  ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് കുഞ്ഞുഞ്ഞമ്മയ്ക്ക് ലിൻസിയുടെ കുത്ത് ഏല്‍ക്കുകയായിരുന്നു. 

പത്തനംതിട്ട എസ് പി കെ ജി സൈമൺ ഇന്നലെ രാവിലെ  വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് എസ്.പി മാധ്യമങ്ങളെ അറിയിച്ചു.

ലിൻസി പതിവായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും അമ്മയെ കുത്തുന്നതിനു മുൻപ് തന്നെയും ആക്രമിച്ചതായും ഭർത്താവ് ബിജി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. വീട്ടിൽ ലിൻസിയുടെ അറസ്റ്റ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു.