ഹൈദരാബാദ്: തെലങ്കാനയില്‍ മദ്യപാനിയായ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി. ഒമ്പതും ആറും വയസ്സുള്ള  ജ്യോതി മാധവി, ഹര്‍ഷവര്‍ധന്‍ എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു. സൂര്യാപേട്ട് ജില്ലയിലെ സിംഗറെഡ്ഡിപാളയത്താണ് സംഭവം. അമ്മ നാഗമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യത്തിന് അടിമയായ ഭര്‍ത്താവ് പ്രശാന്ത് സ്ഥിരമായി ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ഇവര്‍ വഴക്കുകൂടിയതിനെ തുടര്‍ന്ന് രണ്ട് മക്കളുമായി നാഗമണി വീടുവിട്ടിറങ്ങി. മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. പുഴക്കരികില്‍ ഇവര്‍ കരഞ്ഞു നില്‍ക്കുന്നത് കണ്ട പ്രദേശവാസികള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.