അപകീര്‍ത്തികരമായ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞാണ് യുവതി മന്ത്രിയെ ഭീഷണിപ്പെടുത്തിയത്.
നോയിഡ: കേന്ദ്രസഹമന്ത്രി മഹേഷ് ശര്‍മ്മയെ ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. അപകീര്‍ത്തികരമായ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞാണ് യുവതി മന്ത്രിയെ ഭീഷണിപ്പെടുത്തിയത്.
മഹേഷ് ശര്‍മ്മയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അത് പരസ്യപ്പെടുത്തുമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. മഹേഷ് ശര്‍മ്മ പങ്കെടുത്ത ഒരു തെരഞ്ഞെടുപ്പ് യോഗത്തിന്‍റേതാണ് വീഡിയോയെന്നും യുവതി വെളിപ്പെടുത്തി.
ആവശ്യപ്പെട്ട രണ്ട് കോടി രൂപയില്‍ 45 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് യുവതി മഹേഷ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ നേരിട്ടെത്തുകയായിരുന്നു. തങ്ങളുടെ നേതാവ് നല്കിയ ഒരു കത്തും യുവതി മന്ത്രിയെ കാണിച്ചു. ഇതേത്തുടര്‍ന്ന് മഹേഷ് ശര്‍മ്മ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഒരു പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തിവന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. നോട്ട് നിരോധനത്തോടെ ഈ ചാനല്‍ അടച്ചുപൂട്ടിയിരുന്നു. മറ്റ് സംഘാംഗങ്ങളെ ഇനിയും പിടികൂടാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
