കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ പരാതിയിൽ എറണാകുളം മുളവുകാട് പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാൻസ് പാർട്ടിക്കിടെ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ഓം പ്രകാശ് അപമര്യാദയായി പെരുമാറിയെന്നാണ് എറണാകുളം സ്വദേശിയായ യുവതിയുടെ പരാതി.

ഓംപ്രകാശിനെ കൂടാതെ ഇയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അവരും തന്നോട് മോശമായി പെരുമാറിയെന്ന് പരാതിൽ പറയുന്നു. യുവതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മുളവുകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് യുവതിയിൽ നിന്ന് ചോദിച്ചറിഞ്ഞ് മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

 ഗുണ്ടാ നേതാവ് ഓംപ്രകാശിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസിൽ ആരോപണവിധേയനായ ഓംപ്രകാശിനെ അന്വേഷണത്തിനൊടുവിൽ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു.