വാഹനത്തില്‍ നിന്നിറങ്ങിയ യുവാവ് അസഭ്യം വിളിക്കുകയായിരുന്നെന്ന് ഡോ ഐശ്വര്യ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ ആളുകള്‍ കൂടി. ഇതില്‍ ഒരു വിഭാഗമാളുകള്‍ തട്ടിക്കയറുകയും അസഭ്യം പറയുകയും അശ്ളീല ആംഗ്യം കാണിക്കുകയും ചെയ്തു.

അസഭ്യം പറഞ്ഞ യുവാവിനെ ചോദ്യം ചെയ്ത പേരില്‍ വനിത ഡോക്ടറെയും കുടുംബത്തെയും ഒരു സംഘമാളുകള്‍ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. മലപ്പുറം ആലത്തൂര്‍പടിയിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ഡോക്ടര്‍ ഐശ്വര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മലപ്പുറം ആലത്തൂര്‍പടിയില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. 

റഷ്യയില്‍ ഉന്നത പഠനം നടത്തുന്ന കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ ഡോക്ടര്‍ ഐശ്വര്യ പെരിന്തല്‍മണ്ണയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങുകയായിരുന്നു. പൊടുന്നനെ അമിതവേഗത്തിലെത്തിയ മോട്ടോര്‍ സൈക്കിള്‍ കാറിന്‍റെ പിന്നില്‍ ഇടിച്ചത്. വാഹനത്തില്‍ നിന്നിറങ്ങിയ യുവാവ് അസഭ്യം വിളിക്കുകയായിരുന്നെന്ന് ഡോ ഐശ്വര്യ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ ആളുകള്‍ കൂടി. ഇതില്‍ ഒരു വിഭാഗമാളുകള്‍ തട്ടിക്കയറുകയും അസഭ്യം പറയുകയും അശ്ളീല ആംഗ്യം കാണിക്കുകയും ചെയ്തു. തന്നെയും തനിക്കൊപ്പം ഉണ്ടായിരുന്ന പ്രായമായ പിതാവിനെയും സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് വനിതാ ഡോക്ടര്‍ പറയുന്നു.

തുടര്‍ന്ന് മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, ശാരീരിക ബുദ്ധിട്ട് നേരിട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അക്രമികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും സംഭവം നടന്ന് ഒരു ദിവസമായിട്ടും തന്‍റെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ഐശ്വര്യ പറയുന്നു. സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചതായി മലപ്പുറം പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയ സിപിഎമ്മുകാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തത് വിവാദമായിരുന്നു. കോളേജ് സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐക്കാരെ വിട്ടയപ്പിക്കാനായിരുന്നു സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനികത്തേക്ക് തള്ളിക്കയറിയത്. പൊലീസുകാരെ തള്ളിമാറ്റി അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.