Asianet News MalayalamAsianet News Malayalam

പണം തട്ടി മുങ്ങിയ കാമുകനെ മര്‍ദ്ദിക്കാന്‍ കാമുകിയുടെ ക്വട്ടേഷന്‍, കൊല്ലത്ത് യുവതിയടക്കം മൂന്നു പേര്‍ അറസ്റ്റിൽ

അഞ്ചു ലക്ഷം രൂപയോളം പല ഘട്ടങ്ങളിലായി വാങ്ങിയ ശേഷം യുവാവ് ലിന്‍സിയില്‍ നിന്നകന്നു. ഇതോടെയാണ് ലിന്‍സി ഗൗതമിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. 

women hire quotation team against her boyfriend
Author
Kollam, First Published Jun 20, 2021, 10:50 PM IST

കൊല്ലം: കാമുകനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കാൻ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ യുവതി അറസ്റ്റില്‍ . പണം തട്ടിയെടുത്ത് മുങ്ങിയതിലുളള പ്രതികാരമായാണ് ഇരവിപുരം സ്വദേശി ലിന്‍സി ലോറന്‍സ് എന്ന യുവതി കാമുകനും സുഹൃത്തിനുമെതിരെ ക്വട്ടേഷന്‍ കൊടുത്തത്. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ഇരവിപുരം സ്വദേശിനിയാണ് ലിന്‍സി ലോറന്‍സ്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ എന്ന യുവാവുമായി ലിന്‍സി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസവും. പല തവണയായി ലിന്‍സിയില്‍ നിന്ന് ഗൗതം പണം വാങ്ങിയിരുന്നു. അഞ്ചു ലക്ഷം രൂപയോളം പല ഘട്ടങ്ങളിലായി വാങ്ങിയ ശേഷം യുവാവ് ലിന്‍സിയില്‍ നിന്നകന്നു. ഇതോടെയാണ് ലിന്‍സി ഗൗതമിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. 

ലിന്‍സിയില്‍ നിന്ന് തട്ടിയെടുത്ത പണം ഗൗതം പങ്കിട്ടത് സുഹൃത്ത് വിഷ്ണുവുമായിട്ടാണ് എന്ന ധാരണയിലാണ് വിഷ്ണുവിനെ തട്ടിക്കൊണ്ടു പോകാനാണ് പദ്ധതി തയാറാക്കിയതെന്ന്  പൊലീസ് പറയുന്നു. വിഷ്ണുവിന്‍റെ സഹോദരന്‍ അനന്തുവിനും സംഘത്തിനുമാണ് ക്വട്ടേഷന്‍ നല്‍കിയത്. ഈ മാസം 14ന് വിഷ്ണുവിനെ ചാത്തന്നൂരില്‍ നിന്ന് അയിരൂരിലേക്ക് തട്ടിക്കൊണ്ടു പോയി. ഇവിടെ വച്ച് വിഷ്ണുവിന്‍റെ ഫോണുപയോഗിച്ച് ഗൗതം കൃഷ്ണയെയും വിളിച്ചു വരുത്തി. തുടര്‍ന്ന് രണ്ടാളെയും മര്‍ദിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് കേസ്.

നാല്‍പ്പതിനായിരം രൂപയാണ് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് ലിന്‍സി നല്‍കിയതെന്നും പൊലീസ് പറയുന്നു. ലിന്‍സിക്കും അനന്തുവിനും പുറമേ അനന്തുവിന്‍റെ സുഹൃത്ത് അമ്പുവാണ് അറസ്റ്റിലായ മൂന്നാമന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ ലിന്‍സിക്ക് അക്രമത്തില്‍ നേരിട്ടു പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ലിന്‍സിയുടെ അഭിഭാഷകന്‍റെ വാദം.

<

Follow Us:
Download App:
  • android
  • ios