കല്‍പ്പറ്റ: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീടിനകത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍ക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയ സിനി ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോയി മടങ്ങി വന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടിനകത്ത് വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. ഉടനെ മാനന്തവാടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രശാന്തഗിരി മടത്താശേരി ബൈജുവിന്‍റെ ഭാര്യയാണ് സിനി, ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

സിനിയുടെ കുടുംബം അയല്‍ക്കാരുമായി അതിർത്തി തർക്കം നിലനിന്നിരുന്നു, ഇതുമായി ബന്ധപ്പെട്ട് മുന്പും തർക്കങ്ങളുണ്ടാകുകയും പോലീസ് സ്റ്റേഷനിലടക്കം ഒത്തുതീർപ്പുചർച്ചകള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചത് ഈ തർക്കം തന്നെയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

സംഭവവുമായി ബന്ധപ്പെട്ട് ഒരു അയല്‍ക്കാരന്‍ കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നിലവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.