ചത്തീസ്​ഗഡ്: വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ രണ്ടുവയസ്സുള്ള അനന്തരവനെ യുവതി വാഷിങ് മെഷിനിലിട്ട് കൊന്നു. പ‍ഞ്ചാബിലെ കപുർത്തല ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. യുവതിയുടെ വീട്ടിലെ വാഷിങ് മെഷിനിലാണ് ആദിരാജ് എന്ന രണ്ടുവയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൻപ്രീത് കൗർ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ച കുട്ടിയുടെ അമ്മാവനുമായി മൻപ്രീത് അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിൻമാറിയ യുവാവ് മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. കാമുകന്റെ വിവാഹം മറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ കൊന്നതെന്ന് യുവതി ചോദ്യം ചെയ്യലിൽ‌ സമ്മതിച്ചതായി കോട്ട്‍വാലി പൊലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥൻ സത്പാൽ സിം​ഗ് പറഞ്ഞു.

അമ്മയ്ക്കും നാലു വയസ്സുള്ള സഹോദനുമൊപ്പമാണ് അമ്മാവന്റെ വിവാഹം കൂടാൻ ആദിരാജ് എത്തിയത്. ഞായാറാഴ്ചയായിരുന്നു വിവാഹം. അമ്മാവന്റെ വീട്ടിലെത്തിയ ആദിരാജ് മുഴുവൻ സമയവും മൻപ്രീതിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. സംഭവം നടന്ന ദിവസം ആദിരാജും സഹോദരനും മറ്റൊരു പെൺകുട്ടിയും മൻപ്രീതിന്റെ വീട്ടിൽ കളിക്കൊനെത്തി. ഇതിനിടെ സഹോദരനെയും പെൺകുട്ടിയെയും വിവാഹ വീട്ടിലേക്ക് പറഞ്ഞയച്ച മൻപ്രീത് ആദിരാജിനെ തന്റെ വീടിനകത്തേക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ബലംപ്രയോ​ഗിച്ച് കുട്ടിയെ കറങ്ങുന്ന വാഷിങ് മെഷീനിലേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.

സമയം ഏറെ വൈകിയിട്ടും മകനെ കാണാതായതിനെ തുടർന്നാണ് കുടുംബം ആദിരാജിനെ അന്വേഷിച്ചിറങ്ങിയത്. എന്നാൽ മകനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസെത്തി പ്രദേശത്ത് പരിശോധ നടത്തി. ഇവിടെനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൻപ്രീതിന്റെ വീട്ടിൽനിന്ന് ആദിരാജും സഹോദരനും സുഹൃത്തും കളിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. മൻപ്രീതിന്റെ വീട്ടിൽ നിന്ന് ആദിരാജ് ഒഴികെ സഹോദനും പെൺകുട്ടിയും മാത്രം ഇറങ്ങി വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൻ നടത്തിയ പരിശോധനയിലാണ് മൻപ്രീതിന്റെ വീട്ടിലെ വാഷിങ് മെഷിനിൽനിന്നും ആദിരാജിനെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.