ആര്യ ഭർത്താവിന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീട്ടിൽ തന്നെ നിന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരം വഴക്കായിരുന്നു. കഴിഞ്ഞ ആഴ്ച ദേഷ്യം സഹിക്കാനാവാതെ ആഷിഷ് നേരെ പൊലീസ് സ്റ്റേഷനിലെത്തി എല്ലാം തുറന്നുപറയുകയായിരുന്നു.

ചന്ദ്രാപൂർ: പൊലീസുകാരനായ അച്ഛനെ മിൽക്ക് ഷേയ്ക്കിൽ വിഷം കൊടുത്ത് കൊലപ്പെടുത്തി പൊലീസുകാരിയായ മകൾ. മൂന്ന് വർഷത്തിന് ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ 2023ൽ നടന്ന കൊലപാതകത്തിന്റെ വിവരം മൂന്ന് വർഷത്തിന് ശേഷമാണ് പുറത്ത് വരുന്നത്. മഹാരാഷ്ട്ര പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന 45കാരൻ ജയന്ത് ബല്ലാവർ ആണ് മകൾ നൽകിയ മിൽക് ഷെയ്ക് കുടിച്ച് മരിച്ചത്.ജയന്തിന്റെ മകൾ ആര്യയും മഹാരാഷ്ട്ര പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ചന്ദ്രാപൂരിലെ ജില്ലാ കളക്ടറുടെ ഓഫീസിൽ ഡ്യൂട്ടിക്കിടെ ജയന്ത് തലകറങ്ങി വീഴുകയും മരണപ്പെടുകയുമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അന്ന് ഇത് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നുള്ള മരണമെന്നാണ് രേഖപ്പെടുത്തിയത്. കൊലപാതകമാണെന്ന സംശയമൊന്നും ഇല്ലാതിരുന്നതുകൊണ്ട് പൊലീസ് കേസ് ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കിയ ഒരു കൊലപാതകമായിരുന്നു ഇതെന്ന് പൊലീസ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ആര്യ ബല്ലാവറും ആഷിഷ് ഷെഡ്മേകെ എന്നയാളും 2022 മുതൽ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അച്ഛൻ ജയന്ത് ശക്തമായി എതിർത്തു. ഇതോടെയാണ് പ്രണയത്തിന് തടസ്സമായി നിന്ന അച്ഛനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടത്.വിഷം സംഘടിപ്പിക്കാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗെഡാമിന് (22) 5000 രൂപ നൽകി. മറ്റൊരാളാണ് ഇയാൾക്ക് വിഷം എത്തിച്ചു കൊടുത്തത്. അന്ന് രാവിലെ ആര്യ ഈ വിഷം മിൽക് ഷെയ്കിൽ കലർത്തി അച്ഛന് കുടിക്കാൻ കൊടുക്കുകയായിരുന്നു. മരണശേഷം പോസ്റ്റ്‌മോർട്ടം നടത്താതിരുന്നത് കൊണ്ട് ആർക്കും സംശയമൊന്നും തോന്നിയില്ല.

ജയന്തിന്റെ മരണശേഷം ആര്യയും ആഷിഷും വിവാഹിതരായി. എന്നാൽ ഇവരുടെ ദാമ്പത്യത്തിൽ പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ തുടങ്ങി. മോശം പെരുമാറ്റത്തെ തുടർന്ന് ആഷിഷിനെ പൊലീസ് ട്രെയിനിങ്ങിൽ നിന്ന് പുറത്താക്കി. നിരാശയായ ആര്യ ഭർത്താവിന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീട്ടിൽ തന്നെ നിന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരം വഴക്കായിരുന്നു. കഴിഞ്ഞ ആഴ്ച ദേഷ്യം സഹിക്കാനാവാതെ ആഷിഷ് നേരെ പൊലീസ് സ്റ്റേഷനിലെത്തി എല്ലാം തുറന്നുപറയുകയായിരുന്നു. മൂന്ന് വർഷം മുൻപ് തന്റെ ഭാര്യയാണ് അച്ഛനെ വിഷം കൊടുത്ത് കൊന്നതെന്നും, കസിൻ വഴിയാണ് വിഷം സംഘടിപ്പിച്ചതെന്നും ആഷിഷ് പൊലീസിനോട് വെളിപ്പെടുത്തി. ആഷിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആര്യ ബല്ലാവർ, ഭർത്താവ് ആഷിഷ് ഷെഡ്മേകെ, കസിൻ ചൈതന്യ ഗെഡാം, വിഷം നൽകിയ നാലാമൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം