ലക്നൗ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഗല്‍ഷഹീദ് റോഡ് വേയ്സ് ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളില്‍ കാണുന്നവരെ കുട്ടിയുടെ അമ്മ റാണിയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് റാണിയുമായി സൗഹൃദം സ്ഥാപിക്കുകയും റാണിക്ക് ബ്ലാങ്കറ്റും മരുന്നുകളും വാങ്ങി നല്‍കുകയും ചെയ്തിരുന്നു. 

രാത്രി ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലിരുന്നായിരുന്നു പ്രതികളില്‍ ഒരാള്‍ കിടന്നിരുന്നത്. രണ്ടാമത്തെ സ്ത്രീ കുഞ്ഞിനും റാണിയ്ക്കും അടുത്ത് കിടന്നു. രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ കുട്ടിയെ ഇവര്‍ എടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.